കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ടെത്തും. കരിപ്പൂരില്‍ വൈകിട്ട് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിക്കു മടങ്ങുക. അതുവരെ കോഴിക്കോട് നഗരം കനത്ത സുരക്ഷാവലയത്തിനുള്ളിലായിരിക്കും. 25 വിഭാഗങ്ങളുള്ള വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വിവരങ്ങള്‍.
പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്ക്കായി ‘ആന്റി സബോട്ടാഷ്’ ടീമുകള്‍ തയാറായിരിക്കും. ഏത് പ്രതിസന്ധിയും നേരിടുന്നതിന് ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഓഫീസര്‍മാര്‍ക്കാണ് ആന്റി സബോട്ടാഷ് ടീമുകളുടെ ചുമതല. കരിപ്പൂര്‍ വിമാനത്താവളം സിഐഎസ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ഏഴ് ഡിവിഷന്റെയും ചുമതല.
