കോഴിക്കോട്: കശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് രാജ്യം. ബി ജെ പി ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച ഭീകരാക്രമണമാണ്. ഇന്ന് വൈകിട്ട് കടപ്പുറത്തെ വേദിയില്‍ മോദി പറയുന്നത് കേള്‍ക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം സജ്ജമാണ്. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്താണ് പൊതുസമ്മേളനം നടക്കുക. വൈകീട്ട് നാലിന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ കടപ്പുറത്തെ വേദിയിലേക്കാണ് എത്തുക. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, 11 പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ കടപ്പുറത്തെ വേദിയിലുണ്ടാകും.
ബി.ജെ.പി ദേശീയസമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ ഗതാഗത നിയന്ത്രണം. ഒരു മണിക്കുശേഷം സമ്മേളനത്തിനായുള്ള വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും കോഴിക്കോട് ബീച്ചിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നതിന്റെ ഭാഗമായാണ് നിരോധം. ബസ്, ടാക്സി, സ്വകാര്യ യാത്രാവാഹനങ്ങള്‍ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. നഗരത്തില്‍ ശനിയാഴ്ച ഉച്ചക്ക് 1.30 മുതലും ഞായറാഴ്ച രാവിലെ ഏഴു മുതല്‍ പത്തുമണിവരെയും വൈകീട്ട് നാലുമണി മുതല്‍ 7.30വരെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാരന്തൂരില്‍നിന്ന് മെഡിക്കല്‍ കോളജ്തൊണ്ടയാട്അരയിടത്തുപാലം ഓവര്‍ ബ്രിഡ്ജ് വഴി സിറ്റിയില്‍ പ്രവേശിക്കേണം.
കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടിയില്‍നിന്ന് തിരിഞ്ഞ് പൂളാടിക്കുന്ന് വേങ്ങേരി മലാപ്പറമ്പ് തൊണ്ടയാട് അരയിടത്തുപാലം ഓവര്‍ബ്രിഡ്ജ് വഴി സിറ്റിയില്‍ പ്രവേശിക്കണം. തെക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര പന്തീരാങ്കാവ് തൊണ്ടയാട് അരയിടത്തുപാലം ഓവര്‍ ബ്രിഡ്ജ് വഴി സിറ്റിയില്‍ പ്രവേശിക്കണം. ബാലുശ്ശേരി, കക്കോടി, ചേളന്നൂര്‍, നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജങ്ഷനില്‍നിന്ന് മലാപ്പറമ്പ് തൊണ്ടയാട് അരയിടത്തുപാലം ഓവര്‍ബ്രിഡ്ജ് വഴി സിറ്റിയില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി തിരൂര്‍ ഭാഗങ്ങളില്‍നിന്ന് മണ്ണൂര്‍, ഫറോക്ക്, മീഞ്ചന്ത വഴി യാത്രക്കാരുമായി വരുന്ന ബസുകള്‍ റെയില്‍വേ സ്റ്റേഷനുസമീപം യാത്രക്കാരെ ഇറക്കി വലതു ഭാഗം ലിങ്ക് റോഡിലേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
പാലക്കാട് തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍നിന്ന് വരുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ രാമനാട്ടുകരയില്‍നിന്ന് പന്തീരാങ്കാവ്ഹൈലൈറ്റ് മാള്‍ തൊണ്ടയാട് അരയിടത്തുപാലം ഓവര്‍ ബ്രിഡ്ജ്രാജാജി റോഡ് വഴി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്. തെക്കു ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആര്.ടി.സി ബസുകള്‍ അരയിടത്തുപാലം ഓവര്‍ബ്രിഡ്ജ് തൊണ്ടയാട് ഹൈലൈറ്റ് മാള്‍ പന്തീരാങ്കാവ് വഴി പോകണം.
രണ്ട് ദിവസം കോഴിക്കോട് തങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് കനത്ത സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചത് 3000 പോലിസുകാരെ. എറണാകുളത്തിനും കാസര്കോടിനുമിടയിലെ വിവിധ സ്റ്റേഷനുകളിലും എ.ആര്.ക്യാമ്പിലും നിന്നുള്ളവരാണിവര്‍. കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്ന ഡി.ജി.പി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ.ജി. ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്.പി.ജി) സുരക്ഷക്കായുണ്ട്. ഫയര്‍ ഫോഴ്സ്, ആംബുലന്‍സ്, മൊബൈല്‍ ജാമര്‍, എന്നിവയടങ്ങളങ്ങുന്ന 25 വാഹനങ്ങളുടെ വ്യൂഹത്തില്‍ ദല്‍ഹിയില്‍ നിന്ന് എത്തിച്ച കവചിത വഹനത്തിലാണ് പ്രധാനമന്ത്രി നഗരത്തില്‍ സഞ്ചരിക്കുക. അദ്ദേഹം പോവുന്ന റൂട്ടുകള്‍ ഒമ്പത് മേഖലകളാക്കി തിരിച്ച് ഓരോന്നിനും എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
എറ്റവും മുമ്പില്‍ സൈറന്മുഴക്കിയുള്ള പോലിസ് വാഹനവും പുറകില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നയിക്കുന്ന ലീഡ് വാഹനവും നീങ്ങും. പ്രധാനമന്ത്രി കയറിയവയടക്കം മൂന്ന് കവചിത വാഹനങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ വെള്ളക്കാറുകള്‍ അണിനിരക്കും. പ്രധാനമന്ത്രി ഇറങ്ങുന്ന വിക്രം മൈതാനത്തിന്റെ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിനും പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ബീച്ചിന്റെ ചുമതല ഉത്തരമേഖലാ ഐ.ജി ദിനേശ് കാശ്യപിനുമാണ്.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നഗരം അരിച്ച് പെറുക്കിക്കഴിഞ്ഞു. കടപ്പുറത്ത് പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിലുള്ള സൗണ്ട് സിസ്റ്റമടക്കം മുഴുവന്‍ സാധനങ്ങളും എസ്.പി.ജിക്കാര് തുറന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. വേദിക്ക് ചുറ്റും സി.സി.ടിവിയും കടലില്‍ നിന്ന് രാത്രിയടക്കം നിരീക്ഷണം നടത്താന്‍ ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രസംഗിക്കുക പ്രത്യേകമായി എത്തിച്ച ബുള്ളറ്റ് പ്രൂഫ് പ്രസംഗ പീഠത്തില്‍ നിന്ന് കൊണ്ടാണ്.
