രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐയുടെ അക്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനല്‍ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ വിഷയം ചര്‍ച്ചയാക്കുകയാണ്. സംഭവത്തെ എ.ഐ.സി.സി ശക്തമായി അപലപിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വയനാട്ടിലെത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷാഫി പറമ്ബില്‍ പറഞ്ഞു. കല്‍പറ്റയില്‍ ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് ഉപരോധിക്കുകയാണിപ്പോള്‍.

എസ്.എഫ്​.ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും രംഗത്തെത്തി. എസ്.എഫ്.ഐ നടത്തിയ അക്രമം അപലപനീയമാണെന്ന് സി.പി.എം വയനാട് ജില്ല പ്രസിഡന്റ് പി. ഗഗാറിന്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശുകയും ചില എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പിന്നീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയു​ണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് ആരോപിച്ചു. പൊലീസുകാരുടെ കണ്‍മുന്നിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് ഇടപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ല ആസ്ഥാനമായ കലക്ടറേറ്റിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എം.പി ഓഫിസിലാണ് അക്രമികള്‍ കടന്നുകയറിയത്. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ഇതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംശത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്‌ നടത്തുന്നത് മൂന്‍കൂട്ടി ചൂണ്ടിക്കാട്ടുകയും അക്രമം നടക്കാനിടയു​ണ്ടെന്ന് സൂചന നല്‍കുകയും ചെയ്തിട്ടും പൊലീസുകാര്‍ മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.

അക്രമികള്‍ ഓഫിസിലേക്ക് കയറുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മൂന്നു ജീവനക്കാര്‍ മാത്രമുള്ള ഓഫിസില്‍ കയറി നാല്‍പതോളം വരുന്ന എസ്.എഫ്.ഐ സംഘമാണ് അക്രമം നടത്തിയത്. ഓഫിസിലേക്ക് തള്ളിക്കയറാനും അടിച്ചു തകര്‍ക്കാനുമുള്ള കൃത്യമായ ഗൂഢാലോചനയുമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *