ഭീകരരില്‍നിന്ന് ലഭിച്ച വയര്‍ലസ് സെറ്റുകള്‍ ലഭിച്ചു

ഉറി: കാഷ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയ ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ച ജപ്പാന്‍ നിര്‍മിത വയര്‍ലസ് സെറ്റുകള്‍ ഭീകരരുടെ പാക് ബന്ധത്തിനു തെളിവാണെന്ന് അന്വേഷണ സംഘം. രണ്ട് വയര്‍ലസ് സെറ്റുകളാണ് ആക്രമണം നടത്തിയ നാലു ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ചത്. ഇതില്‍ ഉറുദുവിലും ഇംഗ്ലീഷിലും പുതിയത് എന്ന് എഴുതിയിരുന്നു. വയര്‍ലെസ് സെറ്റുകള്‍ പാക്കിസ്ഥാനില്‍നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചതായി എന്‍ഐഎ പറഞ്ഞു. ജപ്പാനീസ് കമ്പനിയായ ഐകോമാണിത് ഇത് നിര്‍മിച്ചിരിക്കുന്നത്.

ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ സേനകള്‍ക്കുമാത്രമാണ് ഇത്തരം വയര്‍ലസ് സെറ്റുകള്‍ ലഭിക്കൂ. ജപ്പാന്‍ കമ്പനി പാക് സൈന്യത്തിന് ഇത് നല്‍കിയിട്ടുണ്‌ടോയെന്നു പരിശോധിച്ചു വരികയാണെന്നും എന്‍ഐഎ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭീകരരുടെ കൈയില്‍നിന്ന് വയര്‍ലസ് സെറ്റുകളും രണ്ടു മാപ്പും ഉള്‍പ്പെടെ 48 സാമഗ്രികളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം സൈന്യം എന്‍ഐഎക്ക് കൈമാറി. ഭീകരരുടെ പക്കല്‍നിന്നും ലഭിച്ച പാക്കറ്റ് ജ്യൂസ് കറാച്ചിയില്‍ ഉണ്ടാക്കിയതാണെന്നും കണ്‌ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉറിയിലെത്തിയ എന്‍ഐഎ സംഘം വെള്ളിയാഴ്ച തെളിവുശേഖരണം പൂര്‍ത്തിയാക്കിയിരുന്നു.

ഭീകരരില്‍നിന്നും ലഭിച്ച ഭൂപടത്തില്‍ ശ്രീനഗറില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഉറിയിലെ സകല തന്ത്രപ്രധാന കേന്ദ്രങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ഹൈഡല്‍ പവര്‍ കോര്‍പറേഷന്റെ വൈദ്യുതി നിലയവും ഇതിലുണ്ട്.

ജയ്‌ഷെ മുഹമ്മദ് ഭീകരരല്ല, ലഷ്‌കര്‍ ഇ-തോയിബയാണ് ആക്രമണത്തിനുപിന്നിലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

ഭീകരാക്രമണത്തിന് 24 മണിക്കൂര്‍ മുമ്പ് ഉറി സെക്ടറില്‍ നടന്ന ഫോണ്‍കോള്‍ വിവരവും, ഇന്റര്‍നെറ്റ് ഉപയോഗ ലിസ്റ്റും ജമ്മു കാഷ്മീര്‍ പോലീസ് എന്‍ഐഎയ്ക്കു കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *