കോണ്‍ഗ്രസിന്റെ ഗാന്ധിനിന്ദ; പൊളിഞ്ഞത്‌ രാഷ്‌ട്രപിതാവിനെ കരുവാക്കിയുള്ള കലാപനീക്കം

കല്‍പ്പറ്റ : മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ച്‌ കോണ്‍ഗ്രസ് നടത്തിയത് അതിഹീനമായ രാഷ്ട്രീയക്കളി.

രാഷ്ട്രപിതാവിനെ കരുവാക്കി നാട്ടില്‍ കലാപം സൃഷ്ടിച്ച്‌ അതിലൂടെ നേട്ടമുണ്ടാക്കനുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കിയത്. തുടക്കത്തിലേ ഇതിന് തിരിച്ചടിയേറ്റിരുന്നു.

24ന് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമായി. വിദ്യാര്‍ഥികള്‍ രാഹുലിന്റെ ഓഫീസില്‍ വാഴവച്ചതിനേക്കാള്‍ വലിയ അപരാധമാണ് ഗാന്ധിജിയെ അപമാനിച്ച്‌ കോണ്‍ഗ്രസുകാര്‍ നടത്തിയത്. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ മറ്റു പാര്‍ടികള്‍ കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തില്‍ ഗാന്ധിനിന്ദക്ക് കൂട്ടുനിന്നു.

എംപി ഓഫീസിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് എരിവ് പകരാനും എസ്‌എഫ്‌ഐയെയും സിപിഐ എമ്മിനേയും ഗാന്ധിനിന്ദകരായി ചിത്രീകരിച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്ട്രീയലാഭം കൊയ്യുകയുമായിരുന്നു ലക്ഷ്യം. ഒരു എംഎല്‍എ അടക്കമുള്ളവരുടെ തിരക്കഥയായിരുന്നു ‘ഗാന്ധിവധം’. വലതുപക്ഷ മാധ്യമങ്ങളും ഇതിനൊപ്പം നിന്നു. എസ്‌എഫ്‌ഐക്കാര്‍ തകര്‍ത്തതെന്ന പേരില്‍ ഗാന്ധിജിയുടെ ചിത്രം യുഡിഎഫ് പത്രമായ മനോരമയടക്കം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. മനോരമയെ വെല്ലുംവിധമായിരുന്നു മാതൃഭൂമി വാര്‍ത്തകള്‍. പകല്‍പോലെ വ്യക്തമായിട്ടും സത്യം പറയാന്‍ തയ്യാറായില്ല. ആദ്യം നല്‍കിയ വാര്‍ത്തയിലെ ‘ദൃശ്യങ്ങള്‍’പോലും തള്ളിപ്പറയാന്‍ പിന്നീടുള്ള വാര്‍ത്തയില്‍ മാതൃഭൂമി ചാനല്‍ ലേഖകന്‍ തയ്യാറായി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഗാന്ധിചിത്രം തകര്‍ത്തത് സംബന്ധിച്ച ദേശാഭിമാനി ലേഖകന്റെ ചോദ്യത്തിന് മുമ്ബില്‍ ഉറഞ്ഞുതുള്ളിയതും സത്യം മൂടിവയ്ക്കാനായിരുന്നു. വസ്തുത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടും പൊട്ടിച്ച ഗാന്ധി ചിത്രത്തിന് മുമ്ബില്‍നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ–-സംസ്ഥാന നേതാക്കള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന അശ്ലീലവും കണ്ടു. ലീഗ് നേതാക്കളും ഇത് ആവര്‍ത്തിച്ചു. പിറ്റേദിവസം ഇതിന്റെ പേരില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച്‌ പ്രകോപനം സൃഷ്ടിക്കാനും യുഡിഎഫ് ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *