തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരുന്നതില്‍ കാലാവസ്ഥയ്‌ക്കും നല്ല പങ്കുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കുഴികളില്ലാത്ത റോഡുകളാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പൊതുമരാമത്തിനെ സംബന്ധിച്ച് റെക്കോഡ് പ്രവൃത്തി നടക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണി സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര നോട്ടീസ് നല്‍കിയിരുന്നു. എല്‍ദോസ് കുന്നപ്പള്ളിയാണ് നോട്ടീസ് നല്‍കിയത്.
മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും റോഡുകളുടെ നിലവാരം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് ശ്രമിക്കുന്നത്. റോഡുകളില്‍ ഒരു കുഴി പോലുമുണ്ടാവാതിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റോഡിലെ പ്രശ്‌നങ്ങളില്‍ വകുപ്പ് മന്ത്രി കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് കെ കെ രമ എം എല്‍ എയും പൊതുമരാമത്തിന്റെ പുതിയ ഗ്യാരന്റി സ്കീം ഫലപ്രദമായി നടപ്പാക്കിയാല്‍ അത് വളരെ നല്ലതാണെന്ന് കുഞ്ഞാലിക്കുട്ടി എംഎല്‍എയും പ്രതികരിച്ചു.
