കേസെടുക്കാനുള്ള കോടതി നിര്‍ദേശം സ്വാഭാവിക നടപടി മാത്രം, തിരിച്ചടിയല്ല: ഇ.പി. ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് ഇ.പി ജയരാജന്‍. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്. തിരിച്ചടിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇതിന് പ്രേരിപ്പിച്ചത് കെ.സുധാകരനും കെ.പി.സി.സി അധ്യക്ഷന്‍ വി.ഡി സതീശനുമാണ്. ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പട്ട് ഡി.വൈ.എഫ്.ഐയും പരാതി നല്‍കുന്നുണ്ടെന്നും ജയരാജന്‍ അറിയിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ല. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
”കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരായി ചുറ്റിക്കറങ്ങി നടക്കുകയാണ്. അവര്‍ കോടതിയില്‍ പോകും, ഗുണ്ടകളെ അയയ്ക്കും, ആക്രമിക്കും. അതിന്റെ ഭാഗമാണ് ഇതും. ടിക്കറ്റ് എടുത്ത് ആക്രമിക്കാന്‍ വന്നവര്‍ പത്തു ദിവസം ജയിലില്‍ കിടന്നില്ലേ? അത് നടപടിക്രമത്തിന്റെ ഭാഗമാണ്. എന്നെ കൊല്ലാന്‍ നടക്കുന്നവര്‍ എനിക്കെതിരെ കേസ് കൊടുക്കുന്നതില്‍ അതിശയമില്ല. പരാതി കിട്ടിയാല്‍ ഏത് കോടതിയും കേസെടുക്കാന്‍ നിര്‍ദേശിക്കും” -– ജയരാജന്‍ പറഞ്ഞു.
”എനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ വിമാനക്കമ്പനിയുടെ നിലവാരത്തകര്‍ച്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റു പറ്റിയിട്ടില്ല. ശരിയേ ചെയ്യാറുള്ളു. ഏത് കോടതിയായാലും പ്രശ്‌നമില്ല. പൊലീസ് നല്ല നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. മുഴുവന്‍ വിവരങ്ങളും ലഭിച്ച ശേഷം പൊലീസ് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും” -– ഇ.പി.ജയരാജന്‍ പറഞ്ഞു.
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വിമാന പ്രതിഷേധ വിഷയത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *