ദീര്‍ഘകാലമായി ബഹ്റൈനില്‍ ദുരിതജീവിതം നയിച്ചിരുന്ന ആന്ധ്ര സ്വദേശിനി ജമീല ബാനു ഒടുവില്‍ നാടണഞ്ഞു

മനാമ: ദീര്‍ഘകാലമായി ബഹ്റൈനില്‍ ദുരിതജീവിതം നയിച്ചിരുന്ന ആന്ധ്ര സ്വദേശിനി ജമീല ബാനു ഒടുവില്‍ നാടണഞ്ഞു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായമാണ് ഇവര്‍ക്ക് തുണയായത്.

30 വര്‍ഷം മുമ്ബാണ് ജമീല ബാനു ബഹ്റൈനില്‍ എത്തിയത്. പിതാവ് റെയില്‍വേ ജോലിക്കാരനായിരുന്നു. 12ാമത്തെ വയസ്സില്‍ ആദ്യവിവാഹം നടന്ന ഇവര്‍ നല്ലൊരു ജീവിതം തേടി കുവൈത്തില്‍ പ്രവാസ ജീവിതം ആരംഭിച്ചു. അതിനിടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. പിന്നീട്, 1992ല്‍ ബഹ്റൈനിലെത്തി.

അഞ്ചുവര്‍ഷം മുമ്ബ് വീണ് കാലൊടിഞ്ഞ് സല്‍മാനിയ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയംതൊട്ട് കോവിഡ് കൊടുമ്ബിരിക്കൊണ്ട സമയത്തും ബഹ്റൈന്‍ പ്രതിഭ ഹെല്‍പ് ലൈനിെന്റ സഹായത്തോടെയാണ് ജീവിതം നിലനിര്‍ത്തിയത്. ഇതിനിടെ, നാട്ടിലേക്ക് അയച്ച്‌ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാരില്‍നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.

ആറുമാസം മുമ്ബ് ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ ഐ.സി.ആര്‍.എഫിെന്റയും പ്രതിഭ ഹെല്‍പ് ലൈനിെന്റയും സഹായത്തോടെ ഇവര്‍ ദുരിതകഥ അംബാസഡര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, അവര്‍ക്ക് ഔട്ട് പാസ് അനുവദിക്കാന്‍ തീരുമാനമായി. ടിക്കറ്റും താല്‍ക്കാലിക ചികിത്സക്കുള്ള സംവിധാനവും എംബസി ഒരുക്കി. ഇന്ത്യന്‍ അംബാസഡറുടെ ഇടപെടല്‍ ജമീല ബാനുവിനെ നാട്ടിലേക്കയക്കാന്‍ വലിയ സഹായമായതായി പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.

ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, സെക്രട്ടറി പങ്കജ് നല്ലൂര്‍, മെംബര്‍മാരായ അനീഷ് ശ്രീധരന്‍, കെ.ടി. സലീം, ശിവകുമാര്‍, നിഷ രംഗരാജ്, പ്രതിഭ ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍, അംഗങ്ങളായ നുബിന്‍ ആലപ്പുഴ, സൈനുല്‍ കൊയിലാണ്ടി, ബുഷ്‌റ നൗഷാദ്, സജീവന്‍ തേനായി, സാമൂഹിക പ്രവര്‍ത്തകരായ സാബു തൃശൂര്‍, ഫൈസല്‍ പട്ടാണ്ടി, അഷ്കര്‍ പൂഴിത്തല, ത്രേസ്യാമ്മ എന്നിവരും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി വഴി വിശാഖപട്ടണത്തേക്കുള്ള വിമാനത്തിലാണ് ജമീല ബാനു യാത്രയായത്. സഹോദരന്റെ മകന്‍ രവികൃഷ്ണ വിമാനത്താവളത്തില്‍ സ്വീകരിക്കും എന്ന് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *