നാദാപുരം: ഉപയോഗ ശൂന്യമായ കണറ്റിലകപ്പെട്ട രണ്ട് കാട്ടുപന്നിയെ ഇന്നലെ വെടിവെച്ചു കൊന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇയ്യങ്കോട് പ്രദേശത്താണ് കാട്ടു പന്നിശല്യം രൂക്ഷമായത്.
പുന്നോള്ളതില്‍ പ്രേമലത എന്നവരുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറിലാണ് രണ്ട് കാട്ടുപന്നികള്‍ വീണത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലിയുടെ ഉത്തരവ് പ്രകാരം ലൈസന്‍സുള്ള ഷൂട്ടര്‍ പന്നികളെ വെടിവച്ചുകൊന്നു. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു വരുന്നു.
പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കാട്ടുപന്നികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നത്. പഞ്ചായത്തില്‍ ലഭിച്ച പരാതി പ്രകാരം സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു എന്നവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്ബര്‍ വാസു പുതിയപറമ്ബത്തിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കാട്ടു പന്നികളെ മഹസ്സര്‍ തയ്യാറാക്കി കുഴിച്ചുമൂടി. കഴിഞ്ഞ രണ്ടാഴ്ച മുമ്ബ് മറ്റൊരു വാര്‍ഡിലും കാട്ടുപന്നി ശല്യം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രണ്ട് കാട്ടു പന്നികളെ വെടിവെച്ച് കൊന്നിരുന്നു.
