ജയരാജന്‍ രാജിവയ്ക്കണം

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. അത് സംഘടനാ തലത്തില്‍ ആയാല്‍ പോര. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. പാര്‍ട്ടി നടപടിയല്ല വിഷയത്തില്‍ വേണ്ടത്. ഭരണഘടനയും വ്യവസ്ഥാപിത നിയമ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കണം. സത്യപ്രതിജ്ഞ ലംഘനം നടത്തി സ്വജനപക്ഷപാതത്തിലൂടെ ജയരാജന്‍ അഴിമതി നടത്തുകയാണ് ചെയ്തത്.

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. ജയരാജന്റെ രാജി ആവശ്യപ്പെട്ട് 17ന് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ സിപിഎമ്മിന്റെ മുഖം നാല് മാസം കൊണ്ടു തന്നെ വികൃതമായി. ഭരണത്തില്‍ കയറി നാല് മാസം കൊണ്ട് അടുപ്പക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാന്‍ മന്ത്രിമാര്‍ ആര്‍ത്തി കാണിക്കുകയാണ്. ജനദ്രോഹ നടപടികളില്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മും ബിജെപിയും ആയുധം താഴവയ്ക്കാന്‍ തയാറാകണം. കൊടുംഭീകരരെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇരു പാര്‍ട്ടികളും നടത്തുന്നത്. ജനങ്ങളുടെ സാധാരണ ജീവിതം ബിജെപിയും സിപിഎമ്മും ഇല്ലാതാക്കിയിരിക്കുകയാണ്.

ഒരു ഭാഗത്ത് ഭീകര പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും മറുഭാഗത്ത് അക്രമങ്ങള്‍ നടത്തുകയും ചെയ്ത് ഇരു പാര്‍ട്ടികളും ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമങ്ങള്‍ തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയാന്‍ തയാറാകണം. പോലീസ് കേവലം നോക്കുകുത്തികളായി സംസ്ഥാനത്ത് മാറിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് മാസത്തിനുള്ളില്‍ കണ്ണൂരില്‍ മാത്രം ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും സംസ്ഥാനത്ത് ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും വി.എം.സുധീരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *