മുംബൈ: മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ എ.കെ ആന്റണിയെ പരോക്ഷമായി കുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ മുന്‍ഗാമികളേക്കാള്‍ നന്നായി വസ്ത്രം ധരിക്കുന്ന ആളാണ് താനെന്ന് പരീക്കര്‍ പറഞ്ഞു. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയടക്കമുള്ള മുന്‍ഗാമികളെ കുത്തി സംസാരിച്ചത്. സ്യൂട്ട് പോലുള്ള പാശ്ചാത്യവസ്ത്രങ്ങളോട് താല്പര്യമില്ല.
എന്നാല്‍ തന്റെ മുന്‍ഗാമികളേക്കാള്‍ നന്നായാണ് താന്‍ വസ്ത്രം ധരിക്കുന്നത്. അവരുടെ വസ്ത്രത്തേക്കാള്‍ മികച്ചതാണ് തന്റെ വസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ഐഐടിക്കാരനെപ്പോലെ തന്റെ ലാളിത്യം ചൂണ്ടിക്കാട്ടി വോട്ട് തേടിയിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പരോക്ഷമായി കളിയാക്കി പരീക്കര്‍ പറഞ്ഞു. പ്രതിരോധമന്ത്രിയാകാനുള്ള വിളിയെത്തിയതുകൊണ്ടാണ് ഡല്‍ഹിയിലെത്തിയത്. അതല്ലെങ്കില്‍ ഗോവയില്‍ താന്‍ ഏറെ സന്തുഷ്ടനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
