ആലപ്പുഴ: പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച നിലം പോലെ വികൃതമാകുമെന്ന കാര്യം ചിന്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് അമ്ബലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ജാഥ തുടങ്ങുമ്ബോള്‍ സംഘടനാപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് മറച്ചുവയ്ക്കാനല്ലേ യാത്രയെന്നായിരുന്നു ചിലരുടെ ചോദ്യം. പാട്ടിയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി. നിലവില്‍ പ്രശ്നങ്ങളില്ല. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ ഫലപ്രദമായി നേരിട്ട് മുന്നോട്ട് പോകും. ഏതു തരത്തിലുള്ള ജീര്‍ണതകളെയും തുടക്കത്തിലെ നുള്ളിക്കളയും. ജനങ്ങളുടെ മേല്‍ കുതിര കയറുന്ന പാര്‍ട്ടിയല്ല സി.പി.എം. ജനങ്ങളുടെ അംഗീകാരമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാവില്ല. പേരിന്റെ വലതുഭാഗത്ത് എഴുതി വയ്ക്കുന്ന സ്ഥാനമല്ല നേതാവിന്റേത്. ഒരു കാലഘട്ടം മുഴുവന്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരാണ് നേതൃത്വം. ഒരു കാലത്ത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ കഴിവുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. അവരെ തിരിച്ചു കൊണ്ടുവരും. സംഘടനാപരമായ ചില തീരുമാനങ്ങളെടുക്കുമ്ബോള്‍ ചിലപ്പോള്‍ നഷ്ടമുണ്ടാകും. എന്നാല്‍, സാമൂഹികപരമായി പാര്‍ട്ടിക്ക് ലാഭമുണ്ടാകും. പാര്‍ട്ടിയുടെ അജണ്ട മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടത്. വിഭാഗീയതയുടെ കാലത്ത് ചെയ്തതു പോലെ ഇനി മാദ്ധ്യമങ്ങള്‍ക്ക് ചെയ്യാനാകില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ജാഥാംഗങ്ങളായ പി.കെ.ബിജു, അഡ്വ. സി.എസ്. സുജാത, എം. സ്വരാജ്, കെടി.ജലീല്‍, ജെയ്ക് സി. തോമസ്.ജില്ലാ സെക്രട്ടറി ആര്. നാസര്‍, എ.എം. ആരിഫ് എം.പി. എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, വിപ്ളവ ഗായിക പി.കെ. മേദിനി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് കായംകുളം, ചാരുംമൂട്, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പത്തനംതിട്ടയില്‍ പ്രവേശിക്കും.
# കൊയ്ത്ത് നിറുത്തിച്ച് പാര്‍ട്ടി
ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാനായി കുട്ടനാട്ടില്‍ കൊയ്ത്ത് നിറുത്തിച്ചെന്ന് കര്‍ഷകരുടെ ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൊയ്ത്താണ് തടഞ്ഞത്. ജാഥയ്ക്കെത്തിയില്ലെങ്കില്‍ ജോലിയുണ്ടാവില്ലെന്ന് ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയുള്ള സി.പി.എം കൈനകരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രതീഷിന്റെ സംഭാഷണവും വിവാദമുണ്ടാക്കി. ഇരുസംഭവങ്ങളെക്കുറിച്ചും പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.
# മുന്നറിയിപ്പ് നല്കി സെക്രട്ടറി
കുട്ടനാട്ടിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് എം.വി. ഗോവിന്ദന്. നെടുമുടിയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ പാര്‍ട്ടിയില്‍ എന്തോ പിശകുണ്ട്. അത് എനിക്കറിയാം. അതൊക്കെ മാറ്റും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റായ ഒരു പ്രവണതയും വച്ചു പൊറുപ്പിക്കില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെയാരെങ്കിലും കരുതിയാല്‍ നടക്കില്ല. നന്നായി പ്രവര്‍ത്തിച്ചാല്‍ തഴച്ചുവളരും. അല്ലെങ്കില്‍ ഉപ്പുകലം പോലെയാകും അവസ്ഥയെന്നും ഗോവിന്ദന് പറഞ്ഞു.
