ജയ്‌പുര്‍: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ സനാതന ധര്‍മം നിര്‍മാര്‍ജനം ചെയ്യണമെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇത് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഹിന്ദുമത വിദ്വേഷത്തെയാണ് കാണിക്കുന്നതെന്നും, രാജ്യത്തിന്റെ പൈതൃകത്തിനെതിരായ ആക്രമണമാണെന്നും അമിത് ഷാ പറഞ്ഞു. രാജസ്‌ഥാനിലെ ദൂംഗര്‍പുരില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
ഉദയനിധിയുടെ പ്രസ്‌താവന ഇന്ത്യാ സഖ്യത്തിന്റെ വോട്ടു ബാങ്ക് രാഷ്‌ട്രീയവും പ്രീണന നയവുമാണ് കാണിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മോദി വീണ്ടും ജയിച്ചാല്‍ സനാതന ഭരണം വരുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, സനാതന ധര്‍മം ജനങ്ങളുടെ ഹൃദയത്തെയാണ് ഭരിക്കുന്നത്.
രാജ്യം ഭരണഘടന പ്രകാരം ഭരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാണിച്ചു. തീവ്ര ഹിന്ദുത്വ വാദികള്‍ ലഷ്‌കറെ തോയ്‌ബയേക്കാള്‍ വലിയ ഭീഷണിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും അമിത് ഷാ വിമര്‍ശിച്ചു.
