മോദി മാപ്പു പറയണമെന്ന് അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വാദത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. അങ്ങനെയങ്കില്‍ ആദ്യം മാപ്പു പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. ഡിസംബറില്‍ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശം സംബന്ധിച്ച് മോദി മാപ്പു പറയണമെന്നാണ് കശ്യപ് ആവശ്യപ്പെട്ടത്.

രാജ്യത്ത് എന്തു പ്രശ്‌നമുണ്ടായാലും അതിനെയെല്ലാം സിനിമയുമായി ബന്ധിപ്പിക്കുകയും അതിന്റെ പേരില്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്യുന്ന നടപടിയെ ന്യായീകരിക്കാനാവില്ലെന്നും കശ്യപ് വ്യക്തമാക്കി. 2015 ഡിസംബര്‍ 25നാണ് മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. ആ സമയങ്ങളില്‍ തന്നെയാണ് കരണ്‍ ജോഹര്‍ ‘എ ദില്‍ ഹെ മുഷ്‌കില്‍’ എന്ന ചിത്രം ചിത്രീകരിച്ചത്–കശ്യപ് ചൂണ്ടിക്കാട്ടി. പാക് അഭിനേതാവ് ഫവദ് ഖാന്‍ അഭിനയച്ചിതു കൊണ്ടു മാത്രം ഈ ചിത്രം നിരോധിക്കണമെന്ന് പറയുന്നവര്‍, അതേസമയം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടി കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങും വഴിയായിരുന്നു ഇത്. മുന്‍കൂട്ടി നിശ്ചായിക്കാതിരുന്നിട്ടും താങ്കള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണെന്നു പറഞ്ഞ കശ്യപ് സിനിമ പക്ഷേ ഒരു വ്യക്തിയുടെ മുടക്കുമുതലാണെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള സനിമ എങ്ങനെ നിരോധിക്കാന്‍ സാധിക്കുമെന്നും അനുരാഗ് കശ്യപ് ചോദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനുരാഗ് കശ്യപ് വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *