ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടി യുവതി; തലമുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു

വിശാഖപട്ടണം: ഭര്‍ത്താവിനെയും കാമുകിയെയും പരസ്യമായി ആക്രമിച്ച് യുവതിയും ബന്ധുക്കളും. ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം. ലേപാക്ഷി സ്വദേശിയായ ഹുസൈന്‍(30), കാമുകി ഷബാന(32) എന്നിവരെയാണ് ഹുസൈന്റെ ഭാര്യ നാസിയയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഇരുവരുടെയും തലമുണ്ഡനം ചെയ്ത അക്രമികള്‍, രണ്ടുപേരെയും കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ഷബാനയെ ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്.
തിങ്കളാഴ്ചയാണ് യുവാവിനും കാമുകിയ്ക്കും നേരേ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഹുസൈനും ഷബാനയും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്നാണ് ഹുസൈന്റെ ഭാര്യ നാസിയയുടെ ആരോപണം. ഷബാന രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം.
തിങ്കളാഴ്ച ഷബാനയുടെ വീട്ടിലെത്തിയ നാസിയ ഇവിടെനിന്ന് ഹുസൈനെ പിടികൂടി. തുടര്‍ന്നാണ് ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയ്തത്. ശേഷം കയര്‍ കൊണ്ട് രണ്ടുപേരെയും പരസ്പരം ബന്ധിപ്പിച്ചശേഷം തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയുമായിരുന്നു. ഇതെല്ലാം നാസിയയും ബന്ധുക്കളും മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചശേഷം രണ്ടുപേരെയും ഓട്ടോറിക്ഷയില്‍ കയറ്റി ഹുസൈന്റെ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് നാട്ടുകാര്‍ ഇടപെടുകയും നാസിയയെയും ബന്ധുക്കളെയും പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ നാസിയക്കും ബന്ധുക്കള്‍ക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *