കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്‌ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. മജിസ്‌ട്രേറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസിനും പ്രതികള്‍ക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാര്‍ വിലക്കിയെങ്കിലും ഇയാള്‍ പിന്‍വാങ്ങിയില്ല.
ആരാണ് തടയാന്‍ എന്ന് ജീവനക്കാരോട് കയര്‍ത്ത് ചോദിച്ച നേതാവ് പൊലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കിയത് വളരെ വൈകിയെന്ന് പറയാന്‍ വേണ്ടിയാണ് മജിസ്‌ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയത്. എന്നാല്‍ മജിസ്‌ട്രേറ്റ് തന്നെ നേതാവിനോട് മുറിക്ക് പുറത്ത് ഇറങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മജിസ്‌ട്രേറ്റ് പറഞ്ഞതോടെ നേതാവ് പുറത്തിറങ്ങിപ്പോയി. രണ്ട് സിപിഎം നേതാക്കളാണ് പ്രതികളെ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ഇവിടെയെത്തിയത്. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമാണ് അകത്തേക്ക് കയറിയത്.
കേസില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് ആന്റി റാഗിംഗ് കമ്മറ്റി നടപടിയെടുത്തു. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് കോളേജില്‍ വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഹോസ്റ്റലില്‍ അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാം.
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചിരുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ചും, കോളേജ് ഹോസ്റ്റലില്‍ വെച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നില്‍ വെച്ചും, ഡോര്‍മെറ്ററിക്ക് അകത്ത് വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനെല്ലാം പുറമെ ഹോസ്റ്റല്‍ മുറിയില്‍ കിടന്നുറങ്ങിയ വിദ്യാര്‍ത്ഥിയെ വിളിച്ച് മര്‍ദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്. എന്നാല്‍ ഇതൊക്കെ നേരില്‍ കണ്ട ഒരാള്‍ പോലും സിദ്ധാര്‍ത്ഥനൊപ്പം നിന്നില്ല.
