വിളവ് കൂടിയാലും കര്‍ഷകര്‍ വലയും !!!

തൃത്താല: അധ്വാനിച്ച് പരിപാലിച്ചുണ്ടാക്കുന്ന നെല്‍ കൃഷിയില്‍ വിളവ് കൂടിയാലും കര്‍ഷകന് കണ്ണീര് തന്നെ. സംസ്ഥാനത്ത് സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അളവ് പരിമിതമായതിനാല്‍ അധികമായി ഉണ്ടാകുന്ന നെല്ല് സപ്ലൈകോ സംഭരിക്കാത്ത അവസ്ഥയാണുള്ളത്.ഇത് മൂലം കര്‍ഷകര്‍ക്ക് ബാക്കി വരുന്ന നെല്ല് പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട ഗതികേടാണ് വരുന്നത്.കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്.
തൃത്താല മേഖലയിലെ മിക്ക പാടശേഖരങ്ങളിലും ഇത്തവണ മുണ്ടകന്‍ കൃഷിക്ക് വിളവ് കൂടിലാണ് ലഭിച്ചിട്ടുള്ളത്.ഒരു ഏക്കറില്‍ നിന്ന് പരമാവധി 2200 കിലോ നെല്ലാണ് സപ്ലൈകോ വഴി സര്‍ക്കാര്‍ സംഭരിക്കുന്നത്.ഇതിന് ഒരു കിലോക്ക് 28.20 രൂപയാണ് ഏറെ കാലമായി സര്‍ക്കാര്‍ നല്‍കുന്നത്.കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ചെങ്കിലും ഈ തുക വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ നിരന്തരമായ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഇത്തവണ തൃത്താല കൃഷി ഭവന് കീഴിലെ അധികം പാടശേഖരങ്ങലിലും കര്‍ഷകര്‍ക്ക് ഏക്കറിന് 2700 കിലോ വരെ നെല്ല് ലഭിച്ചിട്ടുണ്ട്.ഇതില്‍ നിന്ന് 2200 കിലോ മാത്രമാണ് സപ്ലൈകോ സംഭരിക്കുന്നത്.ബാക്കി വരുന്ന 500 കിലോ പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍ക്കണം.പൊതു മാര്‍ക്കറ്റില്‍ ഇപ്പോള്‍ നെല്ലിന്റെ വില 23-24 രൂപയാണ്.ഒരു കിലോയില്‍ കര്‍ഷകന് നഷ്ടം നാലു രൂപയോളം.ഒരേക്കറില്‍ നിന്നുള്ള വരുമാനത്തില്‍ രണ്ടായിരത്തിലേറെ രൂപ കുറയുന്നു.കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് നഷ്ടം ഏറെ വലുതാണ്.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവ് കൂട്ടമെന്ന ആവശ്യം നേരത്തെയുണ്ട്.വിളവ് കൂടുതല്‍ കിട്ടുന്ന പാടത്തു നിന്നും, കുറവ് കിട്ടുന്ന പാടത്തു നിന്നും ഒരേ അളവില്‍ നെല്ല് സംഭരിക്കുന്നത് ശാസ്ത്രീയമല്ലെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്.എന്നാല്‍ സപ്ലൈകോയുടെ നെല്ല് സംഭരണം മറയാക്കി വലിയ ക്രമക്കേട്് നടക്കുന്നതിനാലാണ് ഇത്തരം നിയന്ത്രണമെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.അന്യസംസ്ഥാനങ്ങളില്‍ നിന്ന്് കുറഞ്ഞ വിലക്ക് നെല്ല് കേരളത്തിലെത്തിച്ച് കൂടിയ വിലക്ക് സപ്ലൈകോക്ക് നല്‍കി കൊള്ളലാഭമുണ്ടാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്.തൃത്താല മേഖലയില്‍ തന്നെ ഇത്തരം അന്യസംസ്ഥാന നെല്ല് ചാക്കുകുകള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തിരുന്നു.
ഇത്തവണ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് പൂര്‍ണമായും സര്‍ക്കാര്‍ സംഭരിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞിരുന്നു.ഇതിനായി പാടങ്ങളില്‍ കൊയ്ത്തിന് മുമ്പ് ചെറിയൊരു ഭാഗത്തെ നെല്ല് കൊയ്‌തെടുത്ത് വിളവ് എത്രയുണ്ടെന്ന്് പരിശോധിക്കാനുള്ള സംവിധാനം കൊണ്ടു വന്നു.ഇത് കര്‍ഷകരോട്് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ഇതിന്റെ സാങ്കേതകത അറിയാത്തതു കൊണ്ടും വിളവ് കൂടുതലുണ്ടാകുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയാതിരുന്നതിനാലും പലരും ഈ പരിശോധന നടത്തിയില്ല.ഇത് കര്‍ഷകര്‍ക്ക് വിനയായി മാറിയിരിക്കുകയാണ്്.നെല്ല് സംഭരണത്തിന്റെ അളവ്് 2750 കിലോ ആയി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
തൊഴിലാളി യൂണിയനുകള്‍ നെല്ല് കയറ്റ് കൂലി വര്‍ധിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്.തൃത്താലയില്‍ ഒരു കിലോക്ക് 40 പൈസയാണ് നെല്ലിന്റെ കയറ്റു കൂലി.ഇത് ഏകപക്ഷീകരമായി യൂണിയനുകള്‍് വര്‍ധിപ്പിക്കുന്നതും കര്‍ഷകരെ വലക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *