കോഴിക്കോട് ചക്കിട്ടപാറയില്‍ പുലി, വളര്‍ത്തുപട്ടികളെ ആക്രമിച്ചു; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ചക്കിട്ടപാറയില്‍ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാർഡായ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്.

കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുപട്ടികളെ പുലി കടിച്ച്‌ പരിക്കേല്‍പ്പിച്ചു.

പൂഴിത്തോട് ജെമിനി കുമ്ബുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്ബിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.

വ്യാഴാഴ്ച രാത്രി പൂഴിത്തോട് കുരിശുപള്ളിക്ക് സമീപത്ത് വച്ച്‌ പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞു. സമീപത്തെ പറമ്ബില്‍ നിന്ന് ചാടിയ പുലി റോഡിലൂടെ അടുത്ത പറമ്ബിലേക്ക് ഓടിപ്പോയെന്നാണ് പ്രദേശവാസി പറഞ്ഞത്.

പുലിയിറങ്ങിയതോടെ അധികൃതർ ജനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കി. പെരുവണ്ണാമൂഴി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മൈക്ക് പ്രചാരണം നടത്തി. രാത്രികാലങ്ങളിലുള്ള സഞ്ചാരവും ഒറ്റയ്ക്കുള്ള സഞ്ചാരവും ജാഗ്രതയോടെ വേണമെന്ന് പോലീസ് നിർദേശിച്ചു. കുട്ടികളെ സ്കൂളിലയക്കുമ്ബോഴും പ്രായമായവർ പുറത്ത് പോകുമ്ബോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

രണ്ടാഴ്ച മുമ്ബും കൂട്ടിലടച്ച വളർത്തുനായയെ വന്യജീവി ആക്രമിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *