സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്ബത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്.
പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും.
കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ :
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.
തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്ബോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാർ കൂടുതല്‍ പണം തട്ടിയെടുക്കുന്നു.
മുന്നറിയിപ്പുമായി കേരളാ പൊലീസ് :
ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്ബറില്‍ സൈബർ പോലീസിനെ അറിയിക്കണമെന്ന് കേരളാ പൊലീസ് പറഞ്ഞു. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
