വധശ്രമം; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ കാറ്ററിംഗ് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു യുവാക്കളെ സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ ടീം അറസ്റ്റു ചെയ്തു. തിരുമല പാറക്കോവില്‍ സുനിതാ മന്‍സിലില്‍ മുഹമ്മദ് ഷാഫി (21), സുഹൃത്ത് കട്ടപ്പന വലിയ തോവാള കുന്നുംപുറത്ത് വീട്ടില്‍ ടിന്റില്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ ജോലി ചെയ്യുന്നത് കവടിയാറുളള ഒരു ജ്യൂസ് കടയിലാണ്. കടയുടെ മുന്‍വശത്തുനിന്ന് അസഭ്യം പറഞ്ഞതു വിലക്കിയതിന് കവടിയാര്‍ ആദിത്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സതി കുമാറിനെയാണ് ഇരുവരും കൈയേറ്റം ചെയ്യുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. കവടിയാറിലെ ഒരു പെട്രോള്‍ പമ്പില്‍ എത്തിയ സതികുമാറിനെ പ്രതികള്‍ ചേര്‍ന്ന് ചവിട്ടിത്തള്ളിയിടുകയും മര്‍ദിച്ചശേഷം ഇരുമ്പുപൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ടിന്റലിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷാഫിയുടെ അറസ്റ്റുണ്ടായത്. തമിഴ്‌നാട്ടിലെ കുറ്റാലത്ത് ഒളിവില്‍ക്കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. കണ്‍ട്രോള്‍ റൂം എസി സുരേഷ് കുമാര്‍, മ്യൂസിയം എസ്‌ഐമാരായ ജി.സുനില്‍, പ്രേമന്‍, എഎസ്‌ഐ റഷീദ്, സിപിഒ ബിനു എന്നിവരും ഷാഡോ ടീം എസ്‌ഐ സുനില്‍ ലാലുമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *