സ്മരണകളുടെ കായലരികത്തേക്ക് ശ്രൂതിമധുരമായ തെന്നലായി രാഘവന്മാസ്റ്റര് വീണ്ടുമെത്തുന്നു.മലയാളിയെ തലമുറകളിലൂടെ ഈണങ്ങളുടെ സുന്ദരരാഗങ്ങളണിയിച്ച കെ.രാഘവന് എന്ന രാഘവന് മാസ്റ്റര്‍ വിടപറഞ്ഞിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. 2013 ഒക്ടോബര്‍ 19 ന് അദ്ദേഹം കടന്നു പോയെങ്കിലും ആ രാഗവീചികള്‍ ഇന്നും നമ്മുടെ മനസ്സിനെ തലോടുന്നു.
മലയാളിക്ക് നൂറുകണക്കിന് അനശ്വരഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടചൊല്ലിയത്.മലയാള സിനിമയുടെ ബാല്യകാലത്ത് സംഗീതത്തിന്റെ സൗന്ദര്യം വാരിവിതറി അദ്ദേഹം തലമുറകളെ രാഗവിലോലമാക്കി. പ്രണയവും വിരഹവും തത്വചിന്തയുമെല്ലാം നിറഞ്ഞു നിന്ന ഒരു കാലത്തെ മലയാള കവിതക്ക് അഴകുള്ള സംഗീതം നല്കി ജനപ്രിയവും അനശ്വരവുമാക്കുകയായിരുന്നു രാഘവന് മാഷ്.
1913 ല്‍ തലശേരിയില്‍ ജനിച്ച അദ്ദേഹം സംഗീതസംവിധായകന് എന്നതിനൊപ്പം മികച്ച ഗായകനും സംഗീതോപകരണ വിദഗ്്ദനുമായിരുന്നു. തബല,കീബോര്‍ഡ്,തംബുരു,ഡ്രംസ് എന്നിവയിലുണ്ടായിരുന്ന പ്രാവീണ്യം മാഷിന്റെ സംഗീതസംവിധാനത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്.മികച്ച ഫുട്ബാള്‍ കളിക്കാരനുമായിരുന്ന അദ്ദേഹം പക്ഷെ,സംഗീതലോകത്തേക്കാണ് കടന്നു വന്നത്. കുട്ടിക്കാലം മുതല്‍ ശാസ്ത്രീയസംഗീതം പഠിച്ച് മുതിര്‍ന്നതോടെ മദ്രാസ് ആള് ഇന്ത്യ റേഡിയോയില്‍ തംബുരു വാദകനായി ചേര്‍ന്നു. 1950 ല്‍ അദ്ദേഹം കോഴിക്കോട് എ.ഐ.ആറിലേക്ക് സ്ഥലം മാറിയെത്തിയതോടെയാണ് സംഗീതലോകത്ത് അദ്ദേഹത്തിന്റെ ജീവിതം വഴിമാറിയത്, മലയാള ചലചിത്ര സംഗീതത്തിന് പുതിയ മുഖമുണ്ടായത്.
1951 ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരന് എഴുതിയ ചന്ദ്രനുറങ്ങി,താരമുറങ്ങി എന്ന ഗാനമാണ് അദ്ദേഹത്തിന്റെ സംവിധാത്തില്‍ ആദ്യം പുറത്തുവന്നത്. കോഴിക്കോട് അബ്്ദുള്ഖാദര് ആണ് ഈ ഗാനം പാടിയത്. പിന്നീട് 1954 ല്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ നീലക്കുയിലൂടെയാണ് രാഘവന്മാഷ് പ്രശസ്തനായത്. പി.ഭാസ്കരന്റെ തൂലികയില്‍ പിറന്ന എല്ലാവും ചൊല്ലണ്,എങ്ങിനെ നീമറക്കും,കായലരികത്ത്,കുയിലിനെ തേടി തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് മാന്ത്രിക സംഗീതം നല്‍കിയതോടെ മാഷ് മലയാള ചലചിത്രരംഗത്ത് മുന്‍നിരയിലെത്തി. 56 ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരനിലെ നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം,പണ്ടു പണ്ടു പണ്ടു നിന്നെ കണ്ടനാളയ്യ..തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ മലയാളികള്‍ ഏറ്റുപാടി. പി.ഭാസ്കരന്,വയലാര്‍ രാമവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രാഘവന് മാഷ് നല്കിയ സംഗീതം മലയാളിയുടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ നല്കി. സംഗീതത്തില്‍ പ്രതിഭകളുടെ സംഗമകാലം കൂടിയായിരുന്നു അത്. കോഴിക്കോട് അബ്്ദുള്ഖാദര് മുതല്‍ മധുബാലകൃഷ്ണന് വരെയുള്ള വിവിധ തലമുറകളിലെ ഗായകര്‍ അദ്ദേഹത്തിന്റെ ഈണം മലയാളികള്‍ക്ക് മുന്നില്‍ പാടിപ്പതിപ്പിച്ചു. മാറുന്ന തലമുറകളുടെ അഭിരുചികള്‍ക്കനുസരിച്ച് വിഭിന്നമായ ഈണങ്ങള്‍ ചിട്ടപ്പെടുത്തിയാണ് അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സംഗീതലോകത്ത് നിറഞ്ഞു നിന്നത്. 2015 ല്‍ പുറത്തിറങ്ങിയ സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിന് വേണ്ടി എം.ജയചന്ദ്രനോടൊപ്പം ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച പാടാനോര്‍ത്തൊരു എന്ന ഗാനമാണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തു വന്നത്.
65 സിനിമകളിലായി 405 പാട്ടുകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1973 ലും 77 ലും മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാഘവന് മാസ്റ്ററെ തേടി 97 ല്‍ സമഗ്രസംഭീവനക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്കാരവും 2010 ല്‍ കേന്ദ്രസര്‍ക്കാരിന്റെ പത്്മശ്രീ അവാര്‍ഡുമെത്തി.ചെറുതും വലുതുമായ ഒട്ടേറെ മറ്റുപുരസ്കാരങ്ങളും ആ പ്രതിഭയെ തേടിയെത്തിയിരുന്നു.
മലയാളിക്ക് രാഘവന്മാസ്റ്റര് മരിക്കാത്ത ഓര്‍മ്മയാണ്. ഈണങ്ങളുടെ താരനിബിഢമായ ആകാശത്ത് രാഗനിലാവിന്റെ പട്ടുകുപ്പായമായി അദ്ദേഹം മാറുന്നു. രാഘവന്മാസ്റ്ററുടെ ഹാര്‍മോണിയം വീണ്ടും പാടുന്നു, എങ്ങിനെ നീ മറക്കും…..
