ഗാസയില്‍ ഭക്ഷണം തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വെടിവെയ്പ്: രണ്ട് മാസത്തിനകം ആയിരത്തിലധികം മരണം

വിദേശകാര്യം
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കരികില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണ പൗരന്മാര്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നു. വിശപ്പും യുദ്ധവും ഒരുമിച്ച് നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണിത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഭക്ഷണം ലഭിക്കുമെന്ന് കരുതി സഹായകേന്ദ്രങ്ങളിലേക്കെത്തിയ സാധാരണ പൗരന്മാരാണ്. വെടിവെപ്പുകള്‍ നടന്ന സ്ഥലങ്ങള്‍ സംഭവസമയങ്ങള്‍ മരിച്ചവരുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ചപ്പോള്‍ പല സംഭവങ്ങളും GHF (Gaza Humanitarian Foundation) നടത്തുന്ന വിതരണ കേന്ദ്രങ്ങളുടെ സമീപത്താണെന്ന് കണ്ടെത്തി.

വെടിയേറ്റവരുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച തെളിവുകളും വീഡിയോ ദൃശ്യങ്ങളും മെഡിക്കല്‍ രേഖകളും പരിശോധിച്ചപ്പോള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ ഇസ്രായേല്‍ സൈനികരുടെ ആയുധങ്ങളുമായി പൊരുത്തപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ബോധപൂര്‍വ്വമുളള വെടിവെയ്പ് ആണെന്നാണ് വിദഗധരുടെ വിലയിരുത്തല്‍.

മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും ഈ പ്രവൃത്തി യുദ്ധ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ”വിശപ്പും ജീവനും തമ്മില്‍ തെരഞ്ഞെടുത്തേ മതിയാവൂ എന്ന നിലയില്‍ ജനങ്ങളെ എത്തിക്കുന്ന പ്രവൃത്തിയാണ് ഇത്,” എന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടു.

ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും അടിയന്തര ഇടപെടലിനും സംഭവങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനും ആവശ്യപ്പെടുകയാണ്. എന്നാല്‍ ഗാസയിലെ ജനങ്ങള്‍ക്ക്, ഇത്തരം നടപടി വൈകുന്നതോടെ, വിശപ്പിന്റെ യാഥാര്‍ത്ഥ്യം കൂടുതല്‍ ഭീകരമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *