ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍: ഐഡിഎഫ് ഡാറ്റാബേസ് വെളിപ്പെടുത്തല്‍

ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളില്‍ അഞ്ചില്‍ നാലുപേരും സാധാരണക്കാര്‍ ആയിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ ഡാറ്റാബേസ് സൂചിപ്പിക്കുന്നതായി ദി ഗാര്‍ഡിയന്‍ ലോകല്‍ കോള്‍ എന്നീ മാധ്യമങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

19 മാസം നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 53,000 ആയി. ഇതില്‍ വെറും 8,900 പേരെയാണ് ഹമാസ് പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (PIJ) എന്നിവയുടെ യോദ്ധാക്കളായി ഐഡിഎഫ് ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 83 ശതമാനവും സാധാരണക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അന്തര്‍ദേശീയ സംഘര്‍ഷങ്ങളിലെ സാധാരണക്കാരുടെ മരണാനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാസയിലെ സ്ഥിതിഗതികള്‍ അത്യന്തം ഗുരുതരമാണെന്ന് ഡാറ്റാ പ്രോഗ്രാം ഗവേഷക തെരെസ് പെട്ടേഴ്‌സണ്‍ പറഞ്ഞു. 1989 മുതല്‍ രേഖപ്പെടുത്തിയ യുദ്ധങ്ങളില്‍ ഇത്തരം ഉയര്‍ന്ന നിരക്ക് ഉണ്ടായത് ബോസ്‌നിയയിലെ സ്രെബ്രെനിക്ക, റുവാണ്ടന്‍ കൂട്ടക്കൊല, 2022-ലെ റഷ്യന്‍ ഉപരോധം എന്നിവിടങ്ങളില്‍ മാത്രമാണ്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025 മെയ് 14 വരെ 52,928 പേരാണ് കൊല്ലപ്പെട്ടത്. അവയില്‍ അവശിഷ്ടങ്ങള്‍ പുറത്തെടുത്തവരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങളുടെ കീഴില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍ രാഷ്ട്രീയ, സൈനിക നേതാക്കള്‍ ഉയര്‍ന്ന തോതിലുള്ള ‘യോദ്ധാക്കളുടെ മരണസംഖ്യ’ പൊതുവേദികളില്‍ പ്രചരിപ്പിച്ചെങ്കിലും, സൈനിക വിഭാഗങ്ങള്‍ പോലും അത് കൃത്യതയില്ലാത്ത കണക്കുകളാണെന്ന് സമ്മതിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ജനറല്‍ ഇത്സാക് ബ്രിക് വ്യക്തമാക്കി: ”പ്രഖ്യാപിക്കുന്ന കണക്കുകളും യഥാര്‍ത്ഥ സാഹചര്യവും തമ്മില്‍ ബന്ധമൊന്നുമില്ല. ഇത് വലിയൊരു കളളത്തരമാണ്.”

യുദ്ധത്തിന്റെ ഭാഗമായി ഗാസയിലെ വിശപ്പും ദുരിതവും കൂടി രൂക്ഷമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെയും മറ്റു സഹായസംഘടനകളുടെയും ഭക്ഷണവിതരണം തടഞ്ഞതിനുശേഷം ഭക്ഷണം തേടി വന്ന സാധാരണക്കാരെ പോലും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധം തുടങ്ങിയത് 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിലാണ്. എന്നാല്‍, തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നത് അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന സംഭവമായി വിലയിരുത്തപ്പെടുന്നു.

ഗാസയിലെ സ്ഥിതിഗതികള്‍ ജനതയെ കുടിയൊഴിപ്പിക്കാനും ഭൂമി പിടിച്ചടക്കാനും ലക്ഷ്യമിട്ടുള്ള ”വംശശുദ്ധീകരണ മാതൃക”യിലേക്കാണ് വഴിമാറുന്നതെന്ന് നിരവധി വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *