കരിപ്പൂര്‍ വിമാന നിരക്ക്; ഹജ്ജ് തീര്‍ത്ഥാടകരുടെ ആശങ്കഉടന്‍ പരിഹരിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിച്ചവരുടെ സംഗമമായ സുഹ്ബതുല്‍ ഹുജ്ജാജ് സംഗമത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് മഅദിന്‍ കാമ്പസില്‍ ഒരുമിച്ചുകൂടിയത്. 2010 മുതല്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ മക്ക-മദീന സന്ദര്‍ശിച്ചവരാണ് സംഗമത്തിനെത്തിയത്. സംഗമത്തിനെത്തിയ ഹാജിമാരെ സംസമും കാരക്കയും നല്‍കിയാണ് മഅദിന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ഉദ്ധേശിക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാനക്കൂലി ഇതര എംബാര്‍ക്കേഷനുകളേക്കാള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ച നടപടി ഹാജിമാരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കരിപ്പൂരിനെ തഴയാനുള്ള ശ്രമങ്ങളെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഹാജിമാരെ സംബന്ധിച്ചിടത്തോളം ഹജ്ജ് തീര്‍ത്ഥാടനം ചെറുപ്പം മുതലെയുള്ള അഭിലാഷമാണ്. കൂടുതല്‍ ഹാജിമാരും വര്‍ഷങ്ങളോളം തങ്ങളുടെ വേതനത്തില്‍ നിന്നും മറ്റും ചെറിയ തുകകള്‍ സ്വരൂപിച്ചാണ് ഹജ്ജ് കര്‍മത്തിനുള്ള പണം കണ്ടെത്തുന്നത്. സര്‍ക്കാര്‍ മുഖേന പോകുന്ന ഹാജിമാരില്‍ കൂടുതലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ദരിദ്രരുമാണ്. അവരുടെ സ്വപ്നങ്ങളുടെ ചിറകരിയാന്‍ പാടില്ല.

കുറെ വര്‍ഷങ്ങള്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയ ഇടമാണ് കരിപ്പൂര്‍. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കി ഹാജിമാരും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി മേല്‍മുറി, മഅദിന്‍ ഹജ്ജ് ഉംറ ഡയറക്ടര്‍ അശ്റഫ് സഖാഫി പൂപ്പലം, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലബ്ബൈക്ക് സ്പെഷ്യല്‍ പതിപ്പ് ഖലീല്‍ ബുഖാരി തങ്ങള്‍ ചെറുമുക്ക് അബ്ദുല്‍ ഖാദിര്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മുബശ്ശിര്‍ അദനി പെരിന്താറ്റിരി, ശബീര്‍ അലി അദനി പോത്തന്നൂര്‍, അസദ് പൂക്കോട്ടൂര്‍, അഫ്സല്‍ ചട്ടിപ്പറമ്പ് എന്നിവര്‍ മദ്ഹ് ആലാപനത്തിന് നേതൃത്വം  നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *