കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത് കുമാറിനെതിരേയുള്ള പരാതി സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ നേരിട്ട് അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ ഞായറാഴ്ച സ്ഥലം മാറ്റിയിരുന്നു. ഇന്ന് എസ്‌ഐയോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാഞ്ഞിരംകുഴി സ്വദേശി രാജീവ്, മങ്ങാട് സ്വദേശി ഷിബു എന്നിവരാണ് മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്ത അനീഷ് മര്‍ദനമുണ്ടായിട്ടില്ലെന്ന് പോലീസിന് മൊഴി നല്‍കിയതായാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മൂന്നാംമുറ പ്രയോഗിച്ചതായി ആരോപണം ഉയര്‍ന്നെങ്കിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
