ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന കാര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പഴയ ഡല്‍ഹിയുടെ തിരക്കേറിയ വഴികളില്‍ നടുക്കം സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍, ഹൈുണ്ടായി i20 കാര്‍ പെട്ടെന്ന് തീപ്പൊരിയായി പൊട്ടിത്തെറിക്കുന്നതും, കുറച്ച് നിമിഷങ്ങള്‍ക്കകം പൂര്‍ണ്ണമായും ചിതറിപ്പോകുന്നതും കാണാം. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ച് വന്‍നാശനഷ്ടമുണ്ടായി.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കാര്‍ സ്‌ഫോടനത്തെ ”ഭീകരാക്രമണം” എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ”രാജ്യം നവംബര്‍ 10ന് റെഡ് ഫോര്‍ട്ടിന് സമീപം നടന്ന കാര്‍ സ്‌ഫോടനത്തിലൂടെ രാഷ്ട്രവിരുദ്ധ ശക്തികള്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ്,” കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള ബ്രിഫിംഗില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ സമിതി (CCS) യോഗത്തിന് പിന്നാലെയായിരുന്നു മന്ത്രിസഭാ യോഗം നടന്നത്.
ലാല്‍ കിള മെട്രോ സ്റ്റേഷന്റെ സമീപത്ത് തിങ്കളാഴ്ച വൈകുന്നേരം നടന്ന ശക്തമായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം, മരിച്ചവരുടെ ശരീരത്തില്‍ നിരവധി പൊട്ടലുകളും തലച്ചോറിനും നെഞ്ചിനും ഗുരുതര പരിക്കുകളും കണ്ടെത്തി. ചിലരുടെ ശ്വാസകോശവും ചെവിയും ഉദരാവയവങ്ങളും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു, മൃതദേഹങ്ങളിലും വസ്ത്രങ്ങളിലും സ്പ്ലിന്റര്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ലെന്നും ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ സ്വഭാവം ലാബ് പരിശോധനയില്‍നിന്ന് വ്യക്തമാകുമെന്നും. പരിക്കുകള്‍ പ്രധാനമായും മേല്‍ഭാഗത്ത് – തലയും നെഞ്ചും – കേന്ദ്രീകൃതമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, നവംബര്‍ 10ന് റെഡ് ഫോര്‍ട്ടിന് സമീപം പൊട്ടിത്തെറിച്ച i20 കാര്‍ ഓടിച്ചിരുന്നതായി സംശയിക്കുന്ന ഡോ. ഉമര്‍ ഉന്‍ നബിയുടെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (FSL) ശേഖരിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി (NIA) ഈ സ്‌ഫോടനത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ജൈഷ്-എ-മുഹമ്മദ് ഭീകരസംഘടനയുടെ ഒരു ശൃംഖലയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ അന്വേഷണം നടത്തുക.
