സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലാഭകരമല്ലാത്തതും 10000 രൂപയില്‍താഴെ വരുമാനവുമുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം എം.ജി. രാജമാണിക!്യം വിളിച്ചുചേര്‍ത്ത ആദ്യ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. യോഗതീരുമാനത്തിന്റെ സര്‍ക്കുലര്‍ എത്തുന്നതിനു മുന്‍പുതന്നെ പല ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍വീസുകള്‍ റദ്ദാക്കുന്നതോടെ പകുതിയിലധികം ഓര്‍ഡിനറി ബസുകളും സിറ്റി ബസുകളും നിരത്തില്‍നിന്ന് അപ്രത്യക്ഷമാകും. കൊച്ചിയില്‍ സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ ഏറ്റെടുത്ത സര്‍വീസുകളില്‍ പകുതിയിലധികവും 35 തിരുകൊച്ചി ബസുകളില്‍ 30 എണ്ണവും നിര്‍ത്തേണ്ടിവരും.

6184 ബസുകളാണ് കോര്‍പ്പറേഷന് സ്വന്തമായിട്ടുള്ളത്. 5598 ഷെഡ്യൂളുകളുമുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ 42 ഓര്‍ഡിനറി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 20 എണ്ണവും 10,000 രൂപയില്‍ താഴെ വരുമാനമുള്ളതാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി നാല് ഡബിള്‍ഡക്കര്‍ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളിലായി 3958 ഓര്‍ഡിനറി ബസുകളില്‍ പലതും കനത്ത നഷ്ടത്തിലാണ് ഓടുന്നത്. തിരുകൊച്ചി, അനന്തപുരി എന്നീ പേരുകളില്‍ 205 ബസുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും, മലബാര്‍, വേണാട് പേരുകളില്‍ 1465 ബസുകള്‍ കോഴിക്കോട്ടും മധ്യതിരുവിതാംകൂറിലും ഓടുന്നുണ്ട്.

ഇതില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. തിരുവനന്തപുരം സിറ്റി റിങ് റോഡ് സര്‍വീസിനായി രാജധാനി സര്‍വീസായി 10 ബസുകളും വീല്‍ബേസ് കുറഞ്ഞ 200 ബസുകള്‍ മലയോര സര്‍വീസായും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 1152 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളില്‍ 75 ശതമാനവും 10000ത്തിനും 15000ത്തിനുമിടയ്ക്ക് കളക്ഷനുള്ളതാണ്. കിലോമീറ്റര്‍, ഇന്ധനച്ചെലവ് എന്നിവ കണക്കാക്കുമ്‌ബോള്‍ ഇവയും നഷ്ടത്തില്‍തന്നെ. 334 സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളില്‍ എംഎല്‍എക്കും എംപിക്കും അനുവദിച്ച റൂട്ടുകളൊഴികെ ബാക്കിയുള്ളവ ലാഭത്തിലാണ്. അന്തര്‍സംസ്ഥാന സര്‍വീസുകളായി 50 സൂപ്പര്‍ എക്‌സ്പ്രസ്, എയര്‍ബസ്, 50 സൂപ്പര്‍ ഡീലക്‌സ് എയര്‍ബസ് എന്നിവ കെഎസ്ആര്‍ടിസിക്ക് മുതല്‍ക്കൂട്ടാണ്.

അതേസമയം ഏഴ് സില്‍വര്‍ലൈന്‍ ബസുകള്‍ ലാഭമുണ്ടാക്കുന്നില്ല. ഗരുഡ വോള്‍വോ, ഗരുഡ, ഗരുഡ മള്‍ട്ടി ആക്‌സില്‍, ഗരുഡ മഹാരാജ എന്നീ വിഭാഗങ്ങളിലായി 33 ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായുണ്ടെങ്കിലും അവയില്‍നിന്ന് ലഭിക്കുന്ന ലാഭം, മറ്റുള്ള ബസുകളിലെ നഷ്ടം കണക്കാക്കുമ്‌ബോള്‍ മൊത്തം വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമാണുണ്ടാക്കുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ ഇന്ധനച്ചെലവിലും സ്‌പെയര്‍പാര്‍ട്‌സിലും ഗണ്യമായ കുറവുണ്ടാകും. മൊത്തം ചെലവ് കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലെങ്കിലും സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ എന്തുമാത്രം പ്രായോഗികമാക്കാനാവുമെന്ന് പറയാനാവില്ല.

പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ കൂടുതലാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ മൂവായിരത്തോളം വരുന്ന എംപാനല്‍ ജീവനക്കാര്‍ പിരിഞ്ഞുപോകേണ്ടിവരും. സ്ഥിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെങ്കിലും അവരെ എങ്ങനെ വിന്യസിക്കണമെന്ന കാര!്യത്തില്‍ തീരുമാനമായിട്ടില്ല ശബരിമല സീസണില്‍ 115 പമ്ബ സര്‍വീസുകള്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ മൂന്നുമാസത്തേക്ക് ജീവനക്കാരെ ബാധിക്കാനിടയില്ല. എന്നാല്‍ അതിനുശേഷം എന്തുചെയ്യണമെന്ന കാര!്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *