വീട്ടില്‍ തത്തയെ വളര്‍ത്തുന്നവര്‍ സൂക്ഷിക്കുക

കുവൈറ്റ്: തത്തയുടെ വാക്കുകള്‍ മൊഴിയായി രേഖപ്പെടുത്തുമോ? അത്തരമൊരു കഥ നമ്മള്‍ കേട്ടു പരിചയം ഇല്ല അല്ലേ? പലരുടേയും അവിഹിത ബന്ധം മനുഷ്യന്‍ മാര്‍ പറഞ്ഞു കേട്ട് ആളുകള്‍ അറിയുന്നത് സ്വാഭാവികം. അയല്‍ക്കാരും അസൂയക്കാരുമായ ചില പരദൂഷണക്കാര്‍ ചില വിരുതന്മാരുടെ കുടുംബം കലക്കിയ കഥയും നമ്മളൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒരു വളര്‍ത്തു തത്ത ഇമ്മാതിരി പണി ഒപ്പിക്കുമെന്ന് നമ്മള്‍ വിചാരിക്കില്ല. അഥവാ നമ്മള്‍ വിചാരിച്ചാലും കുവൈറ്റിലെ ആ സ്വദേശി വീട്ടുകാരനും സുന്ദരിയായ വേലക്കാരിയും വിചാരിച്ചു കാണില്ല.
വീട്ടില്‍ വളര്‍ത്തിയിരുന്ന തത്തയാണ് വീട്ടുകാരന് തന്നെ പണികൊടുത്തത്.
ഭാര്യ പുറത്തുപോകുമ്പോള്‍ ഭര്‍ത്താവും വീട്ടിലെ സുന്ദരി ജോലിക്കാരിയുമായുള്ള സംഭാഷണം വള്ളി പുള്ളി തെറ്റാതെ കിളി പറയുമ്‌ബോലെ തത്ത ഇയാളുടെ ഭാര്യക്കു മുന്നില്‍ അവതരിപ്പിച്ചത്രെ. കരളേ..പൊന്നേ..ചക്കരേ.. എന്നൊക്കെ ഭര്‍ത്താവ് വേലക്കാരിയെ വിളിക്കുന്ന കാര്യം അതേപടി തത്ത പകര്‍ത്തി.
ഇതോടെ ഭര്‍ത്താവിന്റെയും പ്രവാസിയായ വേലക്കാരിയുടെയും കള്ളി വെളിച്ചത്തായി. ഭാര്യ ഒട്ടും മടിച്ചില്ല, ഭര്‍ത്താവിനെതിരെ പൊലീസില്‍ വഞ്ചനാ കുറ്റത്തിന് കേസും കൊടുത്തു. താന്‍ സാധാരണ വരുന്ന സമയത്തിലും നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് പരിഭ്രമം കാണിച്ചിരുന്നു എന്നും അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബാക്കിയൊക്കെ തത്ത വൃത്തിയായി പറഞ്ഞിട്ടുണ്ടത്രെ
എന്നാല്‍ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന തത്തയുടെ മൊഴിയുടെ പേരില്‍ ജയിലില്‍ പോകുന്നതില്‍ നിന്നും കഷ്ടിച്ചാണ് കുവൈറ്റ് സ്വദേശി രക്ഷപ്പെട്ടത്. മതിയായ തെളിവില്ലെന്ന പേരില്‍ പൊലീസ് കേസ് ഫയലില്‍ സ്വീകരിച്ചില്ല. തത്തയെ സാക്ഷിയായി കണക്കാക്കാന്‍ ഒരിടത്തും നിയമം ഇല്ലാത്തത് കക്ഷിക്ക് ഗുണമായി. പരസ്ത്രീ ബന്ധം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ടിവിയിലോ റേഡിയോയിലോ മറ്റോ കേട്ട സംഭാഷണമാകാം തത്ത ഏറ്റുപറയുന്നതാവാമെന്നും അതിനാല്‍ ഈ കേസ് കോടതിയില്‍ നിലനില്‍ക്കിലെന്നും കാണിച്ചാണ് പൊലീസ് കേസ് നിരസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *