ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനു പിന്തുണയുമായി വെങ്കയ്യ നായിഡു രംഗത്തെത്തിയത്. ഇപ്പോഴത്തെ സംഭവത്തിലേക്ക് മോദിയുടെ പേര് വലിച്ചിഴച്ചത് ജനശ്രദ്ധയാകര്‍ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍പ് എന്തിനുമേതിനും ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയിരുന്നവര്‍ ഇപ്പോള്‍ മോദിയെ കുറ്റപ്പെടുത്തുന്നുവെന്നേ വ്യത്യാസമുള്ളുവെന്നും നായിഡു പറഞ്ഞു. ‘മുന്‍പ് മഴ പെയ്തില്ലെങ്കിലും ആര്‍ക്കെങ്കിലും കുട്ടികളുണ്ടായില്ലെങ്കിലും ആര്‍എസ്എസിനായിരുന്നു കുറ്റം ഇപ്പോള്‍ അത് മോദിക്കു നേരെ തിരിഞ്ഞു അത്രമാത്രം’ നായിഡു പരിഹസിച്ചു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ മോദി ജനങ്ങളോട് കള്ളം പറയുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്,ന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
