അഹമ്മദാബാദ്: കറന്‍സി നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ പണം മാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഒരാഴ്ച മുമ്ബു മാത്രം പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ പുത്തന്‍ നോട്ടുകള്‍ മാത്രമായി നാലുലക്ഷം കൈക്കൂലി വാങ്ങിയതിന് രണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
വ്യക്തികള്‍ക്ക് നേരിട്ട് നാലായിരം രൂപയും അക്കൗണ്ടിലൂടെ ആഴ്ചയില്‍ 20,000 രൂപയും മാത്രം പിന്‍വലിക്കാനേ അനുമതിയുള്ളൂ എന്നതിനാല്‍ ഇത്രയും രണ്ടായിരം രൂപ നോട്ടുകള്‍ കൈക്കൂലി നല്‍കുന്നതിന് സ്വരൂപിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
ഗുജറാത്തിലെ കാണ്ട്ല തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥരാണ് കച്ചില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൈക്കൂലിക്കാര്‍ പിടിയിലായതിലല്ല, മറിച്ച് ഇവര്‍ക്ക് കൈമാറിയ തുകമുഴുവന്‍ ആഴ്ചകള്‍ക്ക് മുമ്ബ് പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു എന്നതാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കാന്‍ നിരവധി പേരെ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് പണം മാറ്റിയെടുക്കാന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടായിരം രൂപയുടെ നോട്ടുകളായി നാലുലക്ഷം സ്വരൂപിച്ചിട്ടുണ്ടെങ്കില്‍ അത് ഏത് അക്കൗണ്ടില്‍ നിന്നും വന്നതാണെന്നും എങ്ങനെയാണ് സ്വരൂപിക്കപ്പെട്ടതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നുകഴിഞ്ഞു.
കാണ്ട്ല തുറമുഖ ട്രസ്റ്റ് സൂപ്രണ്ട് എന്‍ജിനീയര്‍ ശ്രീനിവാസു, സബ്ഡിവിഷണല്‍ ഓഫീസര്‍ കുംടേക്കര് എന്നിവരാണ് കുടുങ്ങിയത്. ഇവര്‍ക്കുവേണ്ടി പണം വാങ്ങാനെത്തിയ രുദ്രേശ്വര്‍ പിടിയിലായതോടെയാണ് കൈക്കൂലി ഇടപാട് പുറത്തുവന്നത്.
ഒരു കമ്ബനിയുടെ ഇടപാട് നടക്കുന്നതിനു വേണ്ടി പണം വാങ്ങാനാണ് രുദ്രേശ്വര്‍ എത്തിയതെന്ന് വിവരം ലഭിച്ചതോടെ കൈക്കൂലി നല്‍കിയെന്ന് പറയുന്ന സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി. ശ്രീനിവാസുവിന് രണ്ടരലക്ഷവും കുംടേശ്വറിന് ഒന്നര ലക്ഷവും നല്‍കാനാണ് തന്നോട് പറഞ്ഞതെന്നാണ് രുദ്രേശ്വറിന്റെ മൊഴി. ഇടപാടിനെ പറ്റി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നുപേരെയും പിടികൂടിയത്.
അതേസമയം നോട്ടുകളുടെ ഉറവിടം തേടി പരാതിക്കാരന്റെ ഓഫീസില്‍ പരിശോധന നടത്തിയ സംഘം ഇതുമായി ബന്ധപ്പെട്ട് നടന്ന ഫോണ്‍കാളുകളും പരിശോധിക്കുകയാണ്. പോര്‍ട്ട് ട്രസ്റ്റിനുവേണ്ടി സേവനങ്ങള്‍ നല്കുന്ന സ്ഥാപനമാണ് കൈക്കൂലി നല്കാന് ഒരുങ്ങിയത്. കമ്ബനിക്ക് ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ട് പോര്‍ട്ട് ട്രസ്റ്റ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, കള്ളപ്പണം മാറ്റിയെടുക്കല്‍ ബാങ്ക് വഴിതന്നെ വ്യാപകമായി നടക്കുന്നുണ്ടെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
