ദുബായ്: സുരക്ഷയും സമത്വവും ശക്തമായ സമ്ബദ്ഘടനയുമുള്ള ആധുനിക സമൂഹമായി രാജ്യം വളര്‍ന്നിരിക്കുകയാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍ അദ്ദേഹത്തിന്റെ ദേശീയദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. തുല്യനീതി, അധുനിക വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിതനിലവാരം എന്നിവ ഉറപ്പാക്കുന്ന പഞ്ചവല്‍സര പദ്ധതിയാണ് വിഷന്‍ 2021 എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന ആശയങ്ങളിലൂടെ പുതിയൊരു വികസനമാതൃകയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിത ഭാവിക്ക് നൂതന അറിവുകള്‍ ആര്‍ജിച്ച് മല്‍സര ക്ഷമതയോടെ മുന്നേറണമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
സര്‍ക്കാരും സ്വകാര്യമേഖലകളും കൈകോര്‍ത്ത് ഭാവിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സമൂഹത്തിന്റെ സംതൃപ്തിയും നിലനില്‍ക്കുന്നതിനുള്ള നടപടികളും ഉണ്ടാകണണെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തിയഞ്ചാം ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഭരണാധികാരികള്‍.
