മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

അലഹബാദ്:  മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുത്തലാഖ് സംബന്ധിച്ചുള്ള കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസല്‍മിക ആചാരത്തിനെതിരേ അനേകം പരാതികളാണ് ഇതിനകം ഇന്ത്യയിലെ വിവിധ കോടതികളില്‍ എത്തിയിരിക്കുന്നത്.

മുസ്ലീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസല്‍മിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്ന് കോടതി വിലയിരുത്തി.
ഒരു വ്യക്തി നിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി പറഞ്ഞു. നിയമത്തിന് എതിരേ സുപ്രീംകോടതിയില്‍ അനേകം സ്ത്രീകളാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കും ലിംഗപരമായ സമത്വത്തിനും എതിരാണ് നിയമമെന്ന് നേരത്തേ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഓള്‍ ഇന്ത്യാ മുസല്‍ം വ്യക്തിഗത നിയമ ബോര്‍ഡ് നിയമത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ഒരു ഇസല്‍മിക സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ല കാര്യമാണ് മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതെന്നായിരുന്നു ഇവരുടെ ന്യായീകരണം. തികച്ചും മതപരമായ കാര്യങ്ങളെ കോടതിയില്‍ വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *