കൊണ്ടോട്ടി: ക്രിസ്മസ്, പുതുവല്‍സരം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാര്‍ മടങ്ങുന്നതും മുന്‍നിര്‍ത്തിയാണിത്. 20 മുതല്‍ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാര്‍ക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികള്‍ക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയര്‍ലെന്‍സായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കം ടിക്കറ്റ് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
കരിപ്പൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബൂദാബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 10,000 മുതല്‍ 15,000 വരെയാണ് ഉയര്‍ത്തിയത്. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്. കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള നിരക്ക് 10,000ത്തില്‍ നിന്നു എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 19000 വരെയാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇതേ സെക്ടറില്‍ മറ്റു വിദേശ വിമാന കമ്പനികള്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പറയുന്നു.
