തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കും.
മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആരൊക്കെയാണ് അനധികൃത ബന്ധുനിയമനം നടത്തിയത്, ഇക്കാര്യത്തില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാണ് പ്രഥമിക അന്വേഷണ പരിധിയില്‍ വരുക.
മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനം വിവാദം സംബന്ധിച്ച് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ചും വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചത്.
