നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് സൗദി അറേബ്യ. വിദേശ തൊഴിലാളികള്‍ക്കു നികുതി ഏര്‍പ്പെടുത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2017 ലേക്കുള്ള ബജറ്റിലാണ് പ്രഖ്യാപിച്ചത്. കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്ബനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
2020ല്‍ മിച്ച ബജറ്റ് അവതരിപ്പിക്കാമെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കടുത്ത നടപടികളുമായാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. റിയാദിലെ യമാമ കൊട്ടാരത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത സൗദി കാബിനറ്റിന്റെ അസാധാരണ യോഗത്തിലാണ് സല്‍മാന്‍ രാജാവ് ബജറ്റ് അവതരിപ്പിച്ചത്. സമീപകാലത്ത് എണ്ണവിലയിലുണ്ടായ ഇടിവും സാമ്ബത്തികരംഗത്ത് അന്താരാഷ്ട്ര തലത്തിലുണ്ടായ മാന്ദ്യവും രാജ്യത്തെ സാമ്ബത്തിക നിലയെ ബാധിച്ചെങ്കിലും ഇത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തടസം നില്‍ക്കരുത് എന്ന കര്‍ക്കശമായ താല്‍പ്പര്യമാണ് ചില കടുത്ത സാമ്ബത്തിക നിര്‍ദ്ദേശങ്ങള്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശിക്കേണ്ടി വന്നത് എന്ന ആമുഖത്തോടെയാണ് രാജാവ് 2017 ലെ ബജറ്റ് അവതരണത്തിലേക്ക് കടന്നത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്ന 326 ബില്യണ്‍ സൗദി റിയാലിന്റെ സാമ്ബത്തിക കമ്മി 297 ബില്യണ്‍ റിയാലായി കുറച്ചതായും എണ്ണവിലയിലെ കുത്തനെയുണ്ടായ ഇടിവ് വരുത്തിയ 2015 ലെ 366 ബില്യണ്‍ സാമ്ബത്തിക കമ്മിയില്‍നിന്ന് ഏറെ പുരോഗതിയിലാണ് രാജ്യമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സല്‍മാന്‍ രാജാവ് പറഞ്ഞു.
തൊഴില്‍ മേഖലയിലെ കടുത്ത നടപടികളും ബജറ്റിലെ പുതിയ നികുതി നിര്‍ദ്ദേശവും സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാകും. എന്നാല്‍ അമേരിക്കയിലോ മറ്റ് പാശ്ചാത്യ നാടുകളിലോ കാണുന്ന രീതിയിലുള്ള ഉയര്‍ന്ന വരുമാന നികുതി രാജ്യത്തെ വിദേശികള്‍ക്ക് നല്‍കേണ്ടി വരില്ലെന്നും നാമമാത്രമായ നികുതി മാത്രമായിരിക്കും ഏര്‍പ്പെടുത്തുകയെന്നും സാമ്ബത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *