മാളികപ്പുറത്ത് തിക്കിലും തിരക്കിലും 17 പേര്‍ക്ക് പരുക്ക്

ശബരിമല: സന്നിധാനത്തെ മാളികപ്പുറത്ത് തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്കു പരുക്കേറ്റതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പരുക്കേറ്റവരില്‍ ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി പമ്പയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിയുടെ സ്ഥിതിയില്‍ മാത്രമാണ് നേരിയ ആശങ്കയുള്ളത്. മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മികച്ച ചികിത്സ ലഭ്യമാക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും പമ്പയില്‍ ഒരുക്കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സയൊരുക്കും. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലമന്ത്രി പറഞ്ഞു.

വടംപൊട്ടിയതുമൂലമല്ല അപകടമുണ്ടായതെന്നും തിരക്ക് വര്‍ധിച്ചതിനാലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്‍, അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *