മുലായം തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക്

ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. നേരത്തെ, മുലായം സിംഗ് യാദവിനു പകരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. എസ്പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വന്‍ഷനാണ് തീരുമാനമെടുത്തത്. എന്നാല്‍, കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച മുലായം സിംഗ്, രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. വ്യാഴാഴ്ച ഇതേ വേദിയില്‍ മുലായവും കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്. മുലായത്തെ പാര്‍ട്ടി രക്ഷാധികാരിയാക്കാനും അമര്‍സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനും ശിവ്പാല്‍ യാദവിനെ എസ്പി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനും സമാജ്വാദി പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കി. മുലായത്തിന്റെ അടുപ്പക്കാരെന്നു കരുതപ്പെടുന്ന മിക്ക മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും ഇന്നലത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 229 എംഎല്‍എമാരില്‍ 200 പേരുടെയും 30 എംഎല്‍സിമാരുടെയും പിന്തുണ അഖിലേഷിനുണ്ട്. അതേസമയം, ദേശീ യ അധ്യക്ഷന്റെ അംഗീകാരമില്ലാതെ പാര്‍ട്ടി കണ്‍വന്‍ഷന്‍ വിളിച്ചത് നിയമവിരുദ്ധവും അച്ചടക്കലംഘനവുമാണെന്നു മുലായം സിംഗ് യാദവ് പറഞ്ഞു. ബിജെപിക്കു ലാഭമുണ്ടാക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും അനധികൃത കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മുലായം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *