ലാവ്‌ലിന്‍ കേസ് ഇന്നു പരിഗണിക്കും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സിബിഐ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിരിക്കുന്നത്. നേരത്തെ ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചിരുന്നത്.

 

ക്രിസ്മസ് അവധിക്കു ശേഷം ജഡ്ജിമാര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വന്നതോടെയാണു റിവിഷന്‍ ഹര്‍ജി ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ചിലേക്കു മാറിയത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്. ഈ കേസില്‍ തിരുവനന്തപുരം സിബിഐ കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു.

 

ഇതിനെതിരേയാണു സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ഈ കേസില്‍ സിബിഐക്കു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജാണ് ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *