വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം പിന്‍വലിക്കാനാവില്ല

കൊച്ചി: നോട്ട് പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു വിവാഹത്തിനു വേണ്ടി രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്നുള്ളത്. എന്നാല്‍ ഇനി വിവാഹാവശ്യത്തിന്റെ പേരില്‍ കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്കാണ് ഈ സൗകര്യം നല്‍കിയിരുന്നത്.

നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഡിസംബര്‍ 30 വരെയാണ് എല്ലാ കാര്യത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍, ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ പണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

എന്നാല്‍ അതിന് ശേഷമുള്ള വിവാഹങ്ങളെക്കുറിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. ഇതിനായി പ്രത്യേക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടുമില്ല.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങള്‍ ഇതുമൂലം വലയുകയാണ്. പുതിയ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വിവാഹാവശ്യത്തിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ബാങ്കില്‍ നിന്ന് വിവാഹാവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന ധാരണയില്‍ നിരവധി പേര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇവരൊക്കെ ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്.
നോട്ട് പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്ന നവംബര്‍ എട്ടിന് ശേഷം ബാങ്കില്‍ നിക്ഷേപിച്ച പണം, വിവാഹാവശ്യത്തിന്റെ പേരില്‍ പരിധി വിട്ട് പിന്‍വലിക്കാനാവില്ലത്രെ. ഏതാവശ്യമായാലും ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. ബാങ്കുകള്‍ ഈ നിലപാട് തുടര്‍ന്നാല്‍, വിവാഹാവശ്യക്കാര്‍ കുഴയും. സ്വര്‍ണം വാങ്ങാനോ മറ്റ് ചെലവുകള്‍ നിര്‍വഹിക്കാനോ അവര്‍ക്ക് കഴിയാതാകും. വിവാഹം സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള രേഖകളുമായി നിരവധി പേര്‍ ബാങ്കുകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ പണം കിട്ടില്ലെന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവുണ്ടായില്ലെങ്കില്‍ വിവാഹം നടത്തുന്നവരുടെ പ്രശ്‌നം ഗുരുതരമാകും.

Leave a Reply

Your email address will not be published. Required fields are marked *