ന്യൂഡല്‍ഹി: നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോള്‍തന്നെ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളില്‍ അത് കൂടുതല്‍ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്. 2014 ഡിസംബറില്‍ അഡ്ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. പിന്നീട് ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്കു കഴിഞ്ഞു. എന്നാല്‍ ഏകദിന–ട്വന്റി 20 നായകസ്ഥാനം അത്ഭുതപ്പെടുത്തുന്നില്ല. അത് മനസിലാക്കാന്‍ എനിക്കു ധാരാളം സമയം ലഭിച്ചിട്ടുണ്ട്– കോഹ്ലി പറഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ അനുഭവസമ്പത്ത് നായകസ്ഥാനത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. കളിക്കളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെകുറിച്ച് ധോണി പറഞ്ഞിട്ടുണ്ടെന്നും സാഹര്യങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഇപ്പോള്‍ തനിക്കറിയാമെന്നും കോഹ്ലി വ്യക്തമാക്കി.
