ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ജെല്ലികെട്ട് നിരോധനത്തില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ആവശ്യം കേന്ദ്രം തള്ളി. ഇതോടെ ഇത്തവണയും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി.

നേരത്തെ, ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പൊങ്കലിനു മുമ്പു തീര്‍പ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിഭാഗം അഭിഭാഷകരാണ് ഈ ആവശ്യം ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ഉന്നയിച്ചത്. അഭിഭാഷകരുടെ ആവശ്യം അന്യായമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ആവശ്യത്തിനു സമയമെടുത്തു മാത്രമേ ഉത്തരവ് പുറപ്പെടുവിക്കൂയെന്നും അറിയിച്ചു.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനും കാളയോട്ടത്തിനും അനുമതി നല്‍കി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതി 2014ല്‍ ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോര്‍ഡ് (എഡബ്ല്യുബിഐ), പെറ്റ അടക്കമുള്ള മൃഗക്ഷേമ സംഘടനകള്‍ തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 15 മുതലാണ് പൊങ്കല്‍ ആഘോഷങ്ങളോടു അനുബന്ധിച്ചു ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച് 2011 ജൂലൈ 11നു പുറത്തിറക്കിയിരുന്ന വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം കൊണ്ടുവന്നത്. 1960ലെ മൃഗപീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുകയോ വിനോദത്തിനു വേണ്ടി ഉപയോഗിക്കുകയോ ചെയ്യരുതാത്ത കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം എന്നിവയുടെ പട്ടികയിലാണ് കാളയെയും 2011ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *