മുലായത്തിനു തിരിച്ചടി; സൈക്കിളിന്റെ അവകാശം അഖിലേഷിന്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിന്റെ അവകാശം അഖിലേഷ് യാദവിന്. പാര്‍ട്ടി ചിഹ്നത്തിനുവേണ്ടി മുലായം സിംഗ് യാദവും മുഖ്യമന്ത്രി അഖിലേഷ് യാദവും അവകാശവാദമുന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനത്തെ അഖിലേഷ് പക്ഷത്തെ പ്രമുഖന്‍ രാം ഗോപാല്‍ യാദവ് സ്വാഗതം ചെയ്തു. അധികംവൈകാതെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസയം, ചിഹ്നത്തിനായി വേണ്ടിവന്നാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുലായംസിംഗ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നശിപ്പിച്ചത് രാം ഗോപാല്‍ യാദവാണെന്നും മുലായം ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി സ്ഥാപിതമായിട്ട് 50 വര്‍ഷം തികയുന്ന വേളയിലാണു പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലി അച്ഛനും മകനും കലഹിക്കുന്നത്. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിലെ 397 മത്സരാര്‍ഥികളുടെ ലിസ്റ്റ് മുലായവും 235 മത്സരാര്‍ഥികളുടെ ലിസ്റ്റ് അഖിലേഷും പുറത്തിറക്കിയിരുന്നു.

ഇതിനിടെ, ലോക്ദള്‍ പാര്‍ട്ടി ഏറ്റെടുക്കാമെന്ന് മുലായത്തിനു പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ സിംഗ് വാഗ്ദാനം ചെയ്തു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗാണു ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍.

Leave a Reply

Your email address will not be published. Required fields are marked *