ചെന്നൈ: പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ഗ്രീന്‍വേയ്സ് റോഡിലെ വീടിനു നേരെ കല്ലേറ്. ശശികല വിഭാഗക്കാരാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
അതേസമയം, പളിനിസാമിയെ തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെ ധര്‍മയുദ്ധം തുടരുമെന്നു പനീര്‍സെല്‍വം പ്രതികരിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബത്തിന്റെ കയ്യില്‍ പോകുന്നത് അംഗീകരിക്കാനാകില്ല. അതു തടയാനായി പോരാട്ടം തുടരും. ജയലളിതയുടെ മരണത്തിന് ഉത്തരവാദികളായവരുടെ ഭരണത്തില്‍ മനോവേദന അനുഭവിക്കുകയാണു തമിഴ്ജനതയെന്നും പനീര്‍സെല്‍വം പറഞ്ഞു.
എഐഎഡിഎംകെയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്കെതിരെ പനീര്‍സെല്‍വം പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജി പിന്‍വലിക്കാനും മുഖ്യമന്ത്രിയായി തുടരാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍സെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നതു തെളിയിക്കാന്‍ സാധിക്കാത്തതാണ് അദ്ദേഹത്തിനു വിനയായത്.
