മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കൊടും പട്ടിണിയില്‍ തളരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. സൊമാലിയയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബേ റീജിയണ്‍ കനത്ത വരള്‍ച്ചയില്‍ ഉരുകുകയാണ്. പട്ടിണിക്കോലങ്ങള്‍ക്ക് അതിസാരവും ബാധിച്ചാണ് തളര്‍ന്ന് വീണ് മരിക്കുന്നത്. കുഞ്ഞുങ്ങളും പ്രായമായ ആള്‍ക്കാരുമാണ് ഈ ദുരന്തത്തിന് കീഴടങ്ങുന്നത്.
ആവശ്യത്തിന് പോലും ചികിത്സ സംവിധാനങ്ങള്‍ പ്രദേശത്തുള്‍പ്പെടെ ഇല്ലാത്തത് പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമാകുന്നുണ്ട്. കോളറ, അതിസാരം എന്നീ രോഗങ്ങളാണ് സൊമാലിയയില്‍ വ്യാപിപിക്കുന്നത്.
55 ലക്ഷം ജനങ്ങള്‍ക്ക് ജലജന്യ രോഗങ്ങള്‍ പിടിപെട്ടുവെന്ന ഭീതി ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പ്രദേശത്തു നിന്നുള്ള ആളുകളുടെ പാലായനവും തുടരുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൊമാലിയ രാജ്യക്കാരോട് പ്രധാനമന്ത്രി ഹസന്‍ അലി സഹായം അഭ്യര്‍ത്ഥിച്ചു. സൊമാലിയയില്‍ മരിച്ച് വീഴൂന്നവരെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ എവിടെയാണോ അവിടെ നിന്ന് സഹായം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
