തിരുവനന്തപുരം • കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രഫ.സുശീല്‍ഖന്ന. ജീവനക്കാരെ പിരിച്ചുവിടാനോ ബസുകളുടെ എണ്ണം കുറയ്ക്കാനോ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രഫ. സുശീല്‍ഖന്ന മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഞാനിപ്പോള്‍ അമേരിക്കയിലാണ്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുമായും കെഎസ്ആര്‍ടിസി മാനേജര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ധനമന്ത്രി എന്നിവരെയും കണ്ടു. അവരുടെ മറുപടി ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളും ലഭിക്കേണ്ടതുണ്ട്. ഇതിനുശേഷമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കൂ’ സുശീല്‍ഖന്ന പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിടണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടില്ല. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജീവനക്കാരെയും റൂട്ടുകളും ശാസ്ത്രീയമായി പുനര്‍വിന്യസിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി ഒരിക്കല്‍ ലാഭത്തിലായാല്‍ കൂടുതല്‍ ജീവനക്കാരെയും ബസുകളും പുതുതായി കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയെ പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കാനായി കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫസറായ സുശീല്‍ ഖന്നയെ 2016 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും ഇദ്ദേഹം കെഎസ്ആര്‍ടിസിയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
