പത്തനംതിട്ട ഹരിതാഭമാക്കാന്‍ അഞ്ചു ലക്ഷം വൃക്ഷതൈകള്‍

പത്തനംതിട്ട  ജില്ലയെ ഹരിതാഭമാക്കാന്‍ പത്തനംതിട്ട കൈപ്പട്ടൂരിലും, തിരുവല്ല ആലംതുരുത്തിയിലുമുള്ള വനം വകുപ്പിന്റെ നഴ്‌സറികളില്‍ അഞ്ച് ലക്ഷം വൃക്ഷതൈകള്‍ തയാറായിവരുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നതിനും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് തൈകള്‍ തയാറാക്കുന്നത്. ഫലവൃക്ഷങ്ങള്‍, തടിക്കും വിറകിനും ഉപയോഗിക്കാവുന്ന വൃക്ഷങ്ങള്‍, നക്ഷത്ര വൃക്ഷങ്ങള്‍, കാവുകളുടെ സംരക്ഷണത്തിന് ആവശ്യമുള്ള മരങ്ങള്‍ എന്നിങ്ങനെ 32 ഇനം വൃക്ഷതൈകളാണ് നഴ്‌സറികളിലുള്ളത്.

ജൈവവൈവിധ്യ സംരക്ഷണത്തില്‍ കാവുകളുടെ പ്രാധാന്യം കണക്കിലെടുത്ത് കാവുസംരക്ഷണവുമായി ബന്ധപ്പെട്ട കൂവളം, ഇലഞ്ഞി, വയണ, ഇലുപ്പ, മൈല തുടങ്ങിയ തൈകളും തയാറാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 50 പൈസ നിരക്കിലും പൊതുജനങ്ങള്‍ക്ക് രണ്ടു രൂപ നിരക്കിലുമാണ് തൈകള്‍ വിതരണം ചെയ്തിരുന്നത്. അരിനെല്ലി, ചെറുനാരകം, മന്താരം, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, വുഡ് ആപ്പിള്‍, നാരകം, ചെമ്പകം, കണിക്കൊന്ന, മാതളം, ഈട്ടി, കമ്പകം, മഹാഗണി, നീര്‍മരുത്, പൂവരശ്, സില്‍വര്‍ ഓക്, തേക്ക്, ഉങ്ങ്, വേങ്ങ, ലക്കോട്ട, മൈല, പൂവണ്ണ്, ആര്യവേപ്പ്, ഇലുപ്പ, കറിവേപ്പ്, കൂവളം, ലക്ഷ്മിതരു, മുള, കാറ്റാടി, മരമുള എന്നീ തൈകളാണ് തയാറായിവരുന്നത്. കോന്നി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ പി.കെ ജയകുമാര്‍ ശര്‍മ, റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ടി മാത്യു, ഹിലാല്‍ ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

17 വര്‍ഷമായി കൃഷി വകുപ്പിനു വേണ്ടിയും വനം വകുപ്പിനു വേണ്ടിയും തൈകള്‍ തയാറാക്കുന്നതില്‍ പരിചയസമ്പന്നനായ കെ.എന്‍ ഹരിലാലാണ് കൈപ്പട്ടൂരിലെയും ആലംതുരുത്തിയിലെയും നഴ്‌സറികളില്‍ തൈകള്‍ തയാറാക്കുന്നതിന്റ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്.

ഓരോ നഴ്‌സറികളിലും രണ്ടര ലക്ഷം തൈകള്‍ വീതമാണ് ഉള്ളത്. ജൂണ്‍ മുതലാണ് തൈകള്‍ വിതരണം ചെയ്തു തുടങ്ങുക. തൈകള്‍ ആവശ്യമുള്ളവര്‍ കോന്നിയിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡെപ്യുട്ടി കണ്‍സര്‍വേറ്ററുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2243452.

Leave a Reply

Your email address will not be published. Required fields are marked *