കോഴിക്കോട്: പൊതുമേഖലബാങ്കുകളില്‍ വീണ്ടും നോട്ടുക്ഷാമം. നിയന്ത്രണം പിന്‍വലിച്ചതോടെ ഇടപാടുകാര്‍ കൂടുതല്‍പണം പിന്‍വലിക്കുന്നുണ്ട്. അതിനനുസരിച്ച് നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍നിന്ന് ലഭിക്കുന്നില്ല. എ.ടി.എമ്മുകളില്‍ നോട്ടുകള്‍ വയ്‌ക്കേണ്ടെന്നാണ് ബാങ്കുകള്‍ക്ക് വാക്കാലുള്ള നിര്‍ദേശം. ഇതുകാരണം പല പൊതുമേഖലാബാങ്കുകളുടെയും എ.ടി.എമ്മുകള്‍ അടഞ്ഞുകിടന്നു. ഗ്രാമീണമേഖലയില്‍ ദിവസങ്ങള്‍ക്കുമുമ്‌ബേ പ്രതിസന്ധി തുടങ്ങിയിരുന്നു. ട്രഷറി ഇടപാടുകളെയും നോട്ട്ക്ഷാമം ബാധിച്ചിട്ടുണ്ട്.
എസ്.ബി.ഐ., എസ്.ബി.ടി., കനറാബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കുപോലും ആവശ്യമുള്ളതിന്റെ പത്തുശതമാനംപോലും പണം ലഭിക്കുന്നില്ല. ഇടപാടുകാര്‍ കൊണ്ടുവരുന്ന പണമെടുത്ത് പ്രതിസന്ധി നേരിടാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നത്. കൗണ്ടര്‍ ഇടപാടുകളില്‍ തടസ്സമുണ്ടാകരുതെന്ന മുന്‍കരുതലായാണ് എ.ടി.എമ്മില്‍ നോട്ടുകള്‍ വയ്‌ക്കേണ്ടെന്ന് വാക്കാല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നോട്ടിന്റെ ക്ഷാമം സ്വകാര്യ, പുതുതലമുറബാങ്കുകളെ അധികം ബാധിച്ചിട്ടില്ല. ഇവയുടെ എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട്. റിസര്‍വ് ബാങ്കില്‍നിന്ന് കറന്‍സി ചെസ്റ്റുകളിലേക്ക് വരുന്ന നോട്ടുകള്‍ എല്ലാ ബാങ്കുകള്‍ക്കും തുല്യമായി വിതരണം ചെയ്യണമെന്ന വ്യവസ്ഥയാണ് പൊതുമേഖലാബാങ്കുകള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്.
നാടിന്റെ മുക്കിലും മൂലകളിലും ശാഖകളുള്ള ബാങ്കുകള്‍ക്കും നഗരകേന്ദ്രീകൃതബാങ്കുകള്‍ക്കും ഒരേ പരിഗണനയാണ് നല്‍കുന്നത്.
