തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഉന്നത സി.പി.എം നേതാക്കള്‍ രക്ഷപ്പെട്ടത് കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ട് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് ബി.ജെ.പി അന്നു തന്നെ കെ.കെ. രമയോടും ആര്‍.എം.പി നേതാക്കളോടും പറഞ്ഞിരുന്നതായും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് ഇളവ് നല്‍കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും കാരണം ചന്ദ്രശേഖരനെ സി.പി.എം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
കുലം കുത്തി, കുലം കുത്തി തന്നെയാണെന്ന് പറഞ്ഞുകൊണ്ട് കൊന്നതിനു ശേഷവും പിണറായി വിജയന്‍ ആ നീചകൃത്യത്തെ ന്യായീകരിച്ചതുമാണ്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടും കൈ ചെയ്തതെന്നുള്ളതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
