മുംബൈ: മുംബൈയിലും പരിസരത്തുമായി ചില്ലറക്കടകളും ബാറുകളുമടക്കം 340 മദ്യവ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നു. മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തുകളയുന്നതോടെയാണ് ഇതു സാധ്യമാവുന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ മുംബൈ മെട്രോപൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ഈ രണ്ടു റോഡുകളുടെയും ഹൈവേ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കത്തെഴുതിയിരുന്നു.
ദേശീയ, സംസ്ഥാന ഹൈവേകള്‍ക്കു സമീപം 500 മീറ്ററിനുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ ഇരുറോഡുകളും എംഎംആര്‍ഡിഎയ്ക്കു കൈമാറും. ഇവ ഏറ്റെടുക്കാന്‍ എംഎംആര്‍ഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു പൊതുമരാമത്തു മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ സ്ഥിരീകരിച്ചു.
വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ മാഹിം മുതല്‍ ദഹിസര്‍ വരെയും (25 കിലോമീറ്റര്‍) ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ സിഎസ്ടിയില്‍ നിന്നു താനെ വരെയും (23 കിലോമീറ്റര്‍) നീളുന്നു. സംസ്ഥാനത്തു മദ്യഷാപ്പുകളും ബാറുകളുമായി 25,500 സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതില്‍ 16,350 എണ്ണം സുപ്രീം കോടതി ഉത്തരവുപ്രകാരം ഈ മാസം ഒന്നുമുതല്‍ അടഞ്ഞുകിടക്കുകയാണ്.
