കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ ശക്തമായ ഇടപെടലും ബോധവത്കരണവും മൂലം സംസ്ഥാനത്ത് അപകടനിരക്കില്‍ 50% കുറവുണ്ടായതായി ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജി. സാമുവേല്‍ അറിയിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച തേര്‍ഡ് ഐ പരിപാടിയിലൂടെ നിയമലംഘനം നടത്തിയ 303 പേര്‍ക്കെതിരേ കേസെടുത്തു. കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു. തുടക്കത്തിലെ ശിക്ഷയെന്ന നിലയില്‍ ഇവര്‍ക്കായി ഒരു ദിവസം പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ വരെ സംസ്ഥാനത്ത് 300 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുചക്രവാഹനങ്ങളാണു കൂടുതലും അപകടത്തില്‍പ്പെടുന്നത്. എറണാകുളം ജില്ലയില്‍ മാത്രം പിഴയിനത്തില്‍ 3.42 കോടി രൂപ ലഭിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് എറണാകുളം ജില്ലയിലെ 20,000 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വര്‍ധിച്ചത് അനുസരിച്ച് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പില്‍ അനുഭവപ്പെടുന്നുണ്ട്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള വാഹന പരിശോധന, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ക്വിസ് മല്‍സരവും അപ്പോള്‍ത്തന്നെ സമ്മാനദാനവും ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് എറണാകുളം ആര്‍ടിഒ കെ. എം. ഷാജി പറഞ്ഞു. പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടികള്‍ നടത്തുന്നത്.
